
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ വിപണിയുമായി ബന്ധപ്പെട്ട കണക്കുകൾ ഊതിപ്പെരുപ്പിച്ചതാണെന്ന ആക്ഷേപവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ. ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും പത്ത് വർഷം കൊണ്ട് നാൽപ്പത് ബില്യണിലെത്തുമെന്നുമുള്ള അവകാശവാദത്തെയാണ് മാധവൻ നായർ ചോദ്യം ചെയ്യുന്നത്. എൻഎസ്ഐഎൽ മേധാവി നിയമനം വൈകുന്നതിന് പിന്നിൽ അനാവശ്യ ഇടപെടലുകളാണെന്നും പുറമേ നിന്നുള്ള ഇടപെടലുകളിൽ നിന്ന് വകുപ്പിനെ സംരക്ഷിക്കാൻ നിലവിലെ ചെയർമാൻ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തെക്കുറിച്ചും അത് കണക്കാക്കുന്ന രീതിയെക്കുറിച്ചുമാണ് ജി. മാധവൻ നായർ സംശയം പ്രകടിപ്പിക്കുന്നത്. പാർലമെന്റിലടക്കം ആവർത്തിക്കപ്പെട്ട ഇൻസ്പേസിന്റെ (IN-SPACe) കണക്കിൽ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം 800 കോടി അമേരിക്കൻ ഡോളറാണ്. വിക്ഷേപണ വാഹന, ഉപഗ്രഹ നിർമ്മാണവും ഗവേഷണത്തിന് ചെലവാക്കുന്ന പണവും എല്ലാം ചേർത്ത് കണക്കാക്കുമ്പോൾ ആകെ മൂല്യം ഇരുന്നൂറ് കോടി ഡോളറിന് താഴെയേ ഉള്ളൂവെന്നും ബാക്കി സേവനമേഖലയിലാണെന്നുമാണ് മുൻ ഐഎസ്ആർഒ മേധാവി ചൂണ്ടിക്കാണിക്കുന്നത്.
ഇൻസ്പേസിന്റെ തന്നെ കണക്കിലും ഭൗമനിരീക്ഷണം, ആശയവിനിമയം, ഗതിനിർണ്ണയം എന്നിങ്ങനെ ഉപഗ്രഹാധിഷ്ഠിത സേവനങ്ങളിലാണ് എഴുന്നൂറ് കോടി ഡോളർ മൂല്യം കാണിച്ചിരിക്കുന്നത്. എന്നാൽ ഇങ്ങനെ കണക്കെടുത്ത് ആകെ ബഹിരാകാശ വിപണിയുടെ വലുപ്പം ഊതിവീർപ്പിക്കുന്നത് തെറ്റെന്നാണ് മാധവൻ നായരുടെ അഭിപ്രായം. യഥാർഥ കണക്കുകൾ പുറത്തുവിടുകയും സാഹചര്യമെന്തെന്ന് വ്യക്തമാക്കുകയും ചെയ്യാൻ അധികാരികൾ തയ്യാറാകണമെന്നാണ് മുൻ ഐഎസ്ആർഒ മേധാവി ആവശ്യപ്പെടുന്നത്.