
ദില്ലി : അധ്യാപകരുടെ മാനസിക പീഡനം മൂലം ജീവനൊടുക്കുന്നുവെന്ന് എഴുതിവെച്ച് ദില്ലി മെട്രോയ്ക്ക് മുന്നിൽ ചാടി വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് സെന്റ് കൊളമ്പ സ്കൂളിലെ ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ നൽകിയ മൊഴിയും ആത്മഹത്യാക്കുറിപ്പിലെ പരാമർശവും കണക്കിലെടുത്താണ് സ്കൂളിന്റെ നടപടി. എന്നാൽ നിലവിലുള്ളത് കണ്ണിൽപൊടിയിടാനുള്ള തന്ത്രമാണെന്നും ഹെഡ്മാസ്റ്ററെയും അധ്യാപകരെയും പിരിച്ചുവിട്ടില്ലെങ്കിൽ സ്കൂളിന് മുന്നിൽ സമരം ചെയ്യുമെന്ന നിലപാടിലാണ് കുട്ടിയുടെ രക്ഷിതാക്കൾ. പ്രശ്നങ്ങൾ അവസാനിക്കുമ്പോൾ സ്കൂൾ അധികൃതർ ഇവരെ തിരിച്ചെടുത്തേക്കുമെന്നും രക്ഷിതാക്കൾ ഭയക്കുന്നു.
പത്താം ക്ലാസ് വിദ്യാർത്ഥി ഷൌര്യ പാട്ടിലിന്റെ മരണത്തിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. കുട്ടിയുടെ കൈവശമുണ്ടായിരുന്ന സ്കൂൾ ബാഗിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ, സ്കൂളിൽ നിന്നും നേരിടുന്ന മാനസിക പീഡനത്തെ കുറിച്ച് എഴുതിയിരുന്നു. സ്കൂളിലെ പീഡനം കാരണമാണ് കടുംകൈ ചെയ്തതെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. അധ്യാപകർക്കെതിരെ നടപടി വേണമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
കഴിഞ്ഞ നവംബർ 18 നാണ് ഷൌര്യ പാട്ടിൽ ജീവനൊടുക്കിയത്. സ്കൂളിലേക്ക് പോയ വിദ്യാർത്ഥിയെ മെട്രോ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തനിക്ക് സംഭവിച്ചത് മറ്റൊരു വിദ്യാർത്ഥിക്കും ഉണ്ടാകാതിരിക്കാൻ അധ്യാപകർക്കെതിരെ നടപടിയെടുക്കണം എന്നായിരുന്നു അവന്റെ അവസാനത്തെ ആഗ്രഹം.
ഒരു വർഷത്തോളമായി സ്കൂളിലെ അധ്യാപകർ മകനെ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശൗര്യയുടെ പിതാവ് പ്രദീപ് പാട്ടീൽ ആരോപിച്ചു. ചെറിയ കാര്യങ്ങൾക്ക് പോലും അധ്യാപകർ കുട്ടിയെ നിരന്തരം വഴക്കു പറയുകയും, അപമാനിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇത് മൂലം മകൻ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. സ്കൂൾ അധികൃതർക്ക് പരാതികൾ നൽകിയിട്ടും അധ്യാപകരുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായില്ല. പരാതി നൽകിയതോടെ കുട്ടിയെ പറഞ്ഞുവിടുമെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചത്. മകൻ ആത്മഹത്യ ചെയ്ത ദിവസം, സ്റ്റേജിലെ ഡാൻസ് പരിശീലനത്തിനിടെ വീണതിനെ തുടർന്ന് അധ്യാപകർ ശൗര്യയെ വഴക്ക് പറയുകയും പരസ്യമായി അപമാനിക്കുകയും ചെയ്തു. സ്റ്റേജിൽ വെച്ച് ശൗര്യ കരഞ്ഞപ്പോൾ, ഒരു അധ്യാപിക നിനക്ക് എത്ര വേണമെങ്കിലും കരയാം, എനിക്കൊരു പ്രശ്നവുമില്ലെന്ന് പറഞ്ഞ് കുട്ടിയെ കൂടുതൽ വേദനിപ്പിച്ചെന്നും പിതാവ് പറയുന്നു.