ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ട്രാക്കിലേക്ക്; അന്തിമ പരീക്ഷണത്തിനൊരുങ്ങി റെയിൽവേ

Published : Jan 05, 2026, 01:22 PM IST
Hydrogen train

Synopsis

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ ട്രെയിൻ യാഥാര്‍ത്ഥ്യമാകുന്നു. ഡീസൽ എഞ്ചിനുകൾക്ക് പകരമായി വരുന്ന ഈ ട്രെയിനുകൾ വേഗതയേറിയതും പരിസ്ഥിതിക്ക് ദോഷകരമല്ലാത്തതുമാണെന്നതാണ് സവിശേഷത. 

ദില്ലി: പുതുവർഷത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യൻ റെയിൽവേ. പരിസ്ഥിതി സൗഹൃദ ഗതാഗതത്തിൽ ഇന്ത്യ നിർണായക നേട്ടത്തിലേയ്ക്ക് അടുക്കുകയാണ്. രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ പവർ റെയിൽവേ ഈ വർഷം യാഥാർത്ഥ്യമാകും. ജിന്ദിനും സോണിപ്പത്തിനും ഇടയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക. ‌ട്രെയിനിന്റെ അന്തിമ പരീക്ഷണം ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് ജനുവരി 26ന് പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. പരീക്ഷണ ഓട്ടത്തിനായുള്ള ട്രെയിനിന്റെ കോൺഫിഗറേഷനിൽ രണ്ട് ഡ്രൈവർ പവർ കാറുകളും (ഡിപിസി) എട്ട് പാസഞ്ചർ കോച്ചുകളുമാണ് ഉണ്ടാകുക. പരീക്ഷണ ഓട്ടം പൂർത്തിയായിക്കഴിഞ്ഞാൽ ഇന്ത്യൻ റെയിൽവേയും, ആർ‌ഡി‌എസ്‌ഒയും സ്പാനിഷ് പങ്കാളികളായ ഗ്രീൻ എച്ച് കമ്പനിയും കേന്ദ്രസർക്കാരിന് സംയുക്തമായി ഒരു റിപ്പോർട്ട് സമർപ്പിക്കും.

പരമ്പരാഗത ഡീസൽ എഞ്ചിനുകളെ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യത്തിലേയ്ക്കാണ് റെയിൽവേ ചുവടുവെയ്ക്കുന്നത്. ഡീസൽ എഞ്ചിൻ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രെയിനുകൾ വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാണ്. ട്രെയിനിന് മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 2,500 യാത്രക്കാരെ വരെ വഹിക്കാൻ ഇവയ്ക്ക് ശേഷിയുണ്ടെന്നാണ് സൂചന. 

ഏറ്റവും പുതിയ ഇലക്ട്രോകെമിക്കൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ട്രെയിൻ പ്രവർത്തിക്കുക. 9 കിലോഗ്രാം വെള്ളം ഉപയോ​ഗിച്ച് 900 ഗ്രാം ഹൈഡ്രജൻ ഉത്പാദിപ്പിക്കും. ഇത് ട്രെയിനിന് ഒരു കിലോമീറ്റർ സഞ്ചരിക്കാൻ പര്യാപ്തമാണ്. ട്രെയിനിന് 3,000 കിലോഗ്രാം ഹൈഡ്രജൻ ശേഷിയും 7,680 കിലോഗ്രാം ഓക്സിജൻ ശേഷിയുമുണ്ട്. ട്രെയിൻ കോച്ചുകൾ ഇതിനകം ഷക്കൂർ ബസ്തിയിലെ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ഇവ ഘട്ടം ഘട്ടമായി അവതരിപ്പിക്കും. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ കോച്ചുകൾ പൂർണമായും നിർമ്മിച്ചിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

26കാരൻ അപ്പാർട്ട്‌മെന്റിന്റെ 16-ാം നിലയിൽ നിന്ന് വീണ് മരിച്ചു, സ്‌കീസോഫ്രീനിയ രോഗിയെന്ന് അച്ഛൻ
ഇന്ത്യയിലെ കടുവകളുടെ മരണനിരക്ക് ഉയരുന്നു; 2025ൽ മാത്രം ചത്തത് 166 കടുവകൾ