
എവറസ്റ്റ് കൊടുമുടി കീഴടക്കുക എന്ന സ്വപ്നം മനസിൽ സൂക്ഷിക്കുന്ന നിരവധിയാളുകളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കയറുക എന്നാൽ സാഹസികതയുടെ അങ്ങേയറ്റം എന്ന് വേണം പറയാൻ. എന്നാൽ, എവറസ്റ്റ് കൊടുമുടിയെ കുറിച്ച് കേൾക്കുകയും വായിക്കുകയും ചിത്രങ്ങൾ കാണുകയും ചെയ്യുമ്പോൾ അതിന് പിന്നിൽ ആവശ്യമായ പരിശ്രമത്തെ കുറിച്ച് നാം അത്രയ്ക്ക് ബോധവാൻമാരാകാറില്ല എന്നതാണ് സത്യം. മാത്രമല്ല, എവറസ്റ്റ് കയറ്റത്തിന് എത്ര രൂപ ചെലവാകുമെന്ന കാര്യവും പലർക്കും അറിയില്ല.
വളരെ ചെലവേറിയ ഒന്നാണ് എവറസ്റ്റ് യാത്ര. എവറസ്റ്റ് കീഴടക്കൽ എന്ന വെല്ലുവിളി പോലെ തന്നെ കഠിനമാണ് സാമ്പത്തികമായ വെല്ലുവിളി. ഒരു സ്റ്റാൻഡേർഡ് ഗൈഡഡ് യാത്രയ്ക്ക് ഏകദേശം 35,000 മുതൽ 75,000 യുഎസ് ഡോളർ (ഏകദേശം 30 - 70 ലക്ഷം രൂപ) വരെ ചെലവാകും. ചില സമയങ്ങളിൽ ചെലവ് ഇതിലും കൂടുതലാണ്. നേപ്പാളിൽ നിന്നുള്ള ക്ലൈംബിംഗ് പെർമിറ്റുകൾ, ഷെർപ്പ സപ്പോർട്ടിനുള്ള എല്ലാ ചെലവുകളും (ടിപ്പുകളും ബോണസും പോലുള്ളവ), ഓക്സിജൻ സിലിണ്ടറുകൾ, ഭക്ഷണം, ടെന്റുകൾ, റോപ്പുകൾ, ഇൻഷുറൻസ്, ലോജിസ്റ്റിക്സ്, ആഴ്ചകൾ, ചിലപ്പോൾ മാസങ്ങൾ തുടങ്ങിയ തയ്യാറെടുപ്പുകൾ ഈ വിലയിൽ ഉൾപ്പെടുന്നു.
നേപ്പാൾ സർക്കാരിന്റെ പെർമിറ്റിന് മാത്രം ഒരു പർവ്വതാരോഹകന് 11,000 യുഎസ് ഡോളർ (ഏകദേശം 10 ലക്ഷത്തോളം രൂപ) ചിലവാകും. അത് കയറ്റം കയറാനുള്ള അനുമതിക്ക് മാത്രമാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുപുറമെ, പ്രത്യേക ഉപകരണങ്ങൾ, അന്താരാഷ്ട്ര യാത്ര, അക്ലിമൈസേഷൻ റൊട്ടേഷനുകൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയുടെ ചെലവുകളും കൂടി ചേർത്താൽ തുക എവറസ്റ്റ് പോലെ തന്നെ ഭീമമായ ഒന്നായി മാറും. എവറസ്റ്റ് സഹിഷ്ണുതയുടെ പരീക്ഷണം മാത്രമല്ല, സാമ്പത്തിക ശേഷിയുടെയും പരീക്ഷണമാണ്. എവറസ്റ്റിനെ കുറിച്ച് അത്ഭുതപ്പെടുത്തുന്ന മൂന്ന് അവിശ്വസനീയമായ വസ്തുതകൾ നോക്കാം.
എവറസ്റ്റിനെക്കുറിച്ചുള്ള ശാസ്ത്രീയ വസ്തുതകളിൽ ഒന്ന് അത് ഇപ്പോഴും ഉയർന്നുകൊണ്ടേയിരിക്കുന്നു എന്നതാണ്. കാരണം, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റ് യുറേഷ്യൻ പ്ലേറ്റിലേക്ക് തള്ളിവിടുന്ന അതിർത്തിയിലാണ് ഈ പർവ്വതം സ്ഥിതി ചെയ്യുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഹിമാലയം സൃഷ്ടിക്കപ്പെട്ടത് ഇത്തരത്തിലുള്ള കൂട്ടിയിടിയിലൂടെയാണ്. ഈ പ്രക്രിയ ഇന്നും തുടരുകയാണ്. ഇക്കാരണത്താൽ, എവറസ്റ്റ് എല്ലാ വർഷവും ഏതാനും മില്ലിമീറ്റർ വളരുന്നുണ്ട്. വർഷങ്ങൾ നീണ്ട ചർച്ചകൾക്കും ആധുനിക ഉപഗ്രഹങ്ങളുടെ സഹായത്തോടെ നടത്തിയ ഗവേഷണങ്ങൾക്കും ശേഷം 2020ൽ നേപ്പാളും ചൈനയും സംയുക്തമായി എവറസ്റ്റിന്റെ ഉയരം 8,848.86 മീറ്ററാണെന്ന് സ്ഥിരീകരിച്ചിരുന്നു.
8,000 മീറ്ററിനു മുകളിൽ "ഡെത്ത് മേഖല" സ്ഥിതിചെയ്യുന്നു എന്നാണ് പറയാറുള്ളത്. കാരണം, അവിടെ ഓക്സിജന്റെ അളവ് സമുദ്രനിരപ്പിലേതിന്റെ മൂന്നിലൊന്ന് മാത്രമേ ലഭിക്കുകയുള്ളൂ. ഈ ഉയരത്തിൽ, പർവതാരോഹകൻ എത്ര ആരോഗ്യവാനായാലും പരിചയസമ്പന്നനായാലും കാര്യമില്ല. മനുഷ്യശരീരത്തിന് ഇത്തരം സാഹചര്യത്തോട് പൂർണ്ണമായും പൊരുത്തപ്പെടാൻ കഴിയില്ല. ലളിതമായി പറഞ്ഞാൽ, മനുഷ്യശരീരത്തിന് ഇത്രയും ഉയരത്തിൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ഭക്ഷണം കഴിക്കുക, ഉറങ്ങുക, ചിന്തിക്കുക തുടങ്ങിയ ലളിതമായ പ്രവൃത്തികൾ പോലും മനുഷ്യന് ബുദ്ധിമുട്ടായിത്തീരും.
ഡെത്ത് സോണിൽ പ്രവേശിക്കുന്നതോടെ ശരീരം പതുക്കെ തളരാൻ തുടങ്ങും. പേശികളുടെ ശക്തി നഷ്ടപ്പെടും. ദീർഘനേരം ഈ കാലാവസ്ഥയിലും ചുറ്റുപാടുകളിലും നിൽക്കുന്നത് ജീവൻ അപകടത്തിലാക്കുന്നതിലേയ്ക്ക് നയിച്ചേക്കാം. അതുകൊണ്ടാണ് മിക്ക പർവതാരോഹകരും കൊടുമുടിക്ക് സമീപം കുറച്ച് മണിക്കൂറുകൾ മാത്രം ചെലവഴിക്കുകയും കഴിയുന്നത്ര വേഗത്തിൽ താഴേക്ക് ഇറങ്ങുകയും ചെയ്യുന്നത്.
എവറസ്റ്റ് കൊടുമുടി എപ്പോഴും കയറാൻ സാധിക്കില്ല. പീക്ക് സീസണിൽ ഇവിടെ വലിയ തിരക്ക് അനുഭവപ്പെടും. സാധാരണയായി മെയ് മാസത്തിലാണ് തിരക്ക് ഉണ്ടാകാറുള്ളത്. ഏറ്റവും സുരക്ഷിതമായി കൊടുമുടി കയറാൻ അവസരം നൽകുന്ന സമയമാണിത്. കൊടുമുടിക്ക് സമീപമുള്ള ഇടുങ്ങിയ വരമ്പുകളിലും കുത്തനെയുള്ള മഞ്ഞുപാളികളിലും പർവതാരോഹകർ പലപ്പോഴും വരിയിൽ കാത്തിരിക്കേണ്ടി വരാറുണ്ട്. ഇതും അപകടകരമാണ്. കൊടും തണുപ്പിലും ഓക്സിജൻ ലഭ്യത കുറവുള്ള സാഹചര്യങ്ങളിലും അതിജീവിക്കുക ബുദ്ധിമുട്ടാണ്.
എവറസ്റ്റ് കൊടുമുടിയി കയറുന്നതിനിടെ നിരവധി ആളുകൾക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. മുൻകാല പര്യവേഷണങ്ങളുടെ ചില അടയാളങ്ങൾ ഇവിടെ കാണാം. അപകടം സംഭവിക്കുകയോ ജീവൻ നഷ്ടമാകുകയോ ചെയ്യുന്ന പർവതാരോഹകരെ വീണ്ടെടുക്കുക എന്നത് ഏറെ പ്രയാസകരവും അത്യന്തം അപകടത്തെ ക്ഷണിച്ചുവരുത്തുന്നതിന് തുല്യവുമാണ്. അതിനാൽ കൊടുമുടിക്ക് സമീപം മരിക്കുന്നവരെ പലപ്പോഴും താഴെ എത്തിക്കാൻ സാധിക്കാറില്ല. മൃതദേഹങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഓക്സിജൻ കുപ്പികൾ, കീറിയ കൂടാരങ്ങൾ, മറ്റ് വിസർജ്യാവശിഷ്ടങ്ങൾ എന്നിവ പതിറ്റാണ്ടുകളായി എവറസ്റ്റിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. ശുചീകരണങ്ങളുടെ ഭാഗമായി പർവതത്തിൽ നിന്ന് നിരവധി ടൺ മാലിന്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്.