
മുംബൈ: റോഡ് നിയമം പാലിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച മൂന്ന് യുവതികളെ അടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് വനിതാ ട്രാഫിക് കോണ്‍സ്റ്റബിള്‍. മഹാരാഷ്ട്രയിലെ ലാത്തൂരിലാണ് സംഭവം. സ്കൂട്ടറില്‍ നിയമം ലംഘിച്ച് മൂന്ന് യുവതികള്‍ സഞ്ചരിക്കുന്നതിനിടെയാണ് കോണ്‍സ്റ്റബിള്‍ പ്രണീത ഇടപെട്ടത്. സ്കൂട്ടറില്‍ സഞ്ചരിച്ച ഒരാളെ പ്രണീത അടിക്കുന്നതിന്‍റെയും അവരോട് മോശമായി സംസാരിക്കുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവം വൈറലായതിന് ശേഷം തന്‍റെ പ്രവൃത്തി നല്ല ഉദ്ദേശത്തോടുകൂടിയുള്ളതായിരുന്നെന്നും അത്തരം ഒരു നീക്കം തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതില്‍ മാപ്പു പറയുന്നതായും പ്രണീത മാധ്യമങ്ങളോട് പറഞ്ഞു.
പ്രണീത തന്‍റെ രണ്ട് മക്കളെ ട്യൂഷന്‍ ക്ലാസില്‍ വിട്ട് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ പോകുന്നതിനിടെയാണ് മൂന്ന് യുവതികള്‍ വളരെ സ്പീഡില്‍ നിയമങ്ങള്‍ തെറ്റിച്ചുകൊണ്ട് വണ്ടിയുമായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അപ്പോള്‍ തന്നെ പ്രണീത അവരോട് സുരക്ഷിതമായി യാത്ര ചെയ്യാന്‍ ആവശ്യപ്പെട്ടു, എന്നാല്‍ സ്വന്തം കാര്യം നോക്കൂ എന്നായിരുന്നു ഉപദേശത്തോടുള്ള യുവതികളുടെ പ്രതികരണം. തുടര്‍ന്ന് പ്രണീത യുവതികളെ പിന്തുടര്‍ന്ന് പിടികൂടി അടിക്കുകയായിരുന്നു. തന്‍റെ പ്രവൃത്തി ഒരു അമ്മയുടെ സ്ഥാനത്ത് നിന്നുള്ളതായിരുന്നെന്നും ഒരു പൊലീസുകാരിയായല്ല ആ സംഭവത്തില്‍ ഇടപെട്ടത്. മോശമായി സംസാരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നും പ്രണീത പ്രതികരിച്ചു.