
നാഗ്പൂർ: മധ്യപ്രദേശ് ചിന്ത്വാര ജില്ലയിൽ കഫ് സിറപ്പ് ദുരന്തത്തിൽ ചികിത്സയിലായിരുന്ന നാല് വയസ്സുള്ള പെൺകുട്ടി കൂടി മരിച്ചു. മധ്യപ്രദേശ് ചിന്ത്വാര സ്വദേശിയായ പെൺകുട്ടിയാണ് നാഗ്പൂരിലെ ആശുപത്രിയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 24 ആയി. നാഗ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടിയാണ് വ്യാഴാഴ്ച രാവിലെ മരണത്തിന് കീഴടങ്ങിയത്. പ്രാഥമിക ചികിത്സകൾക്ക് ശേഷം കുട്ടിയെ മെച്ചപ്പെട്ട ചികിത്സയ്ക്കായി നാഗ്പൂരിലേക്ക് മാറ്റുകയായിരുന്നു.
രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മരണങ്ങൾക്ക് പിന്നാലെ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രേശൻ ഫാർമസ്യൂട്ടിക്കലിന്‍റെ കോൾഡ്രിഫ് കഫ് സിറപ്പിന്‍റെ നിർമ്മാണം ബാൻ ചെയ്തിട്ടുണ്ട്. കോൾഡ്രിഫ് കഫ് സിറപ്പ് മാർക്കറ്റിൽനിന്നും നീക്കം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ ലബോറട്ടറികളിലെ പരിശോധനകളിൽ ഉയർന്ന വിഷാംശമുള്ള രാസവസ്തുവായ ഡൈ എഥിലിൻ ഗ്ലൈക്കോളിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചു.
വൃക്കരോഗത്തിന് കാരണമാകുന്നതാണ് രാസവസ്തു. രാജസ്ഥാൻ, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് മരുന്ന് സപ്ലൈ ചെയ്യുന്നത് ഈ കമ്പനിയാണ്. മധ്യപ്രദേശിൽ ഒമ്പത് കുട്ടികളും രാജസ്ഥാനിൽ മൂന്ന് കുട്ടികളും മരിച്ചത് കഫ് സിറപ്പ് കഴിച്ചതിന് പിന്നാലെയുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് എന്നാണ് റിപ്പോർട്ടുകൾ. കോൾഡ്രിഫിന്‍റെ വിൽപന കേരളത്തിലും നിരോധിച്ചിട്ടുണ്ട്. രണ്ട് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനും കഫ് സിറപ്പുകളടക്കം നൽകരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മറ്റു കുട്ടികളുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്.