
അഹമ്മദാബാദ്: രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർ 294 പേരാണ്. 265 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. എൻഡിആർഎഫിന്റെ സ്പെഷ്യൽ സ്ക്വാഡ് അപകട സ്ഥലത്ത് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. ഡോഗ് സ്ക്വാഡ് അടക്കമുള്ള ടീമാണ് തിരച്ചിൽ തുടങ്ങിയിരിക്കുന്നത്. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾ ഡിഎൻഎ സാമ്പിളുകൾ എത്രയും പെട്ടെന്ന് നൽകണമെന്ന് ഗുജറാത്ത് സർക്കാർ അറിയിച്ചു. 200 സാമ്പിളുകളാണ് ഇതുവരെ ലഭിച്ചത്.
അപകടത്തിൽ മരിച്ച പൈലറ്റിൻ്റെയും കോപൈലറ്റിൻ്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ച മെഡിക്കൽ വിദ്യാർത്ഥികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മിക്കവയും സീറ്റ് ബെൽറ്റിട്ട നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കണക്കനുസരിച്ച്, തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന സുമീത് സബർവാളിന് 8,200 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നു. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഹമ്മദാബാദിലെ ദുരന്ത ഭൂമിയിലെത്തും. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ മോദി സന്ദർശിക്കും. രാത്രി വൈകിയും പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു. അഹമ്മദാബാദിലെ വിവരങ്ങൾ അമിത് ഷാ പ്രധാനമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ സംഭവസ്ഥലത്തെത്തുകയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മെഡിക്കൽ വിദ്യാർത്ഥികളെ സന്ദർശിക്കുകയും ചെയ്തിരുന്നു. അഹമ്മദാബാദിൽ ഉന്നതതല യോഗം ചേരുമെന്നും അറിയിപ്പുണ്ട്. എയർ ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ വിവരശേഖരണം തുടങ്ങി. ഉന്നതതല സമിതി ഉടൻ രൂപീകരിക്കും