
ദില്ലി: സ്വർണ്ണവില കുറയുന്ന സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമേഷ്യൻ സംഘർത്തെത്തുടർന്ന് ഒരു വർഷത്തേക്ക് സ്വർണ്ണം മേടിക്കരുതെന്ന് ഞാൻ പറഞ്ഞിരുന്നുവെന്നും ജനങ്ങൾ അത് കേട്ടുവെന്നും നരേന്ദ്രമോദി പറഞ്ഞു. സ്വർണ്ണത്തിൻ്റെ വില ഇപ്പോൾ ഇടിഞ്ഞു. ഇപ്പോൾ ആളുകൾ എന്നോട് നിങ്ങളുടെ വാക്ക് കേട്ടതുകൊണ്ട് പണം നഷ്ടമായില്ലെന്ന് പറയുന്നു. ഇന്ത്യയിൽ കൊളോണിയൽ മനോഭാവം ഇപ്പോഴും നിലനിൽക്കുകയാണ്. ബ്രിട്ടീഷ് വിദ്യാഭ്യാസ നയം നൈപുണ്യ വികസനം വളർത്തിയില്ല. എന്നാൽ പുതിയ വിദ്യാഭ്യാസ നയം നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നുവെന്നും ലോകത്തിന് കഴിവുള്ള ഇന്ത്യക്കാരെ ആവശ്യമുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു.
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ഇന്ധന പ്രതിസന്ധിയുണ്ടെന്ന് വരുത്തിതീർക്കാൻ ചിലർ ശ്രമിച്ചു. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല. കൂടുതൽ പിഎൻജി കണക്ഷൻ വീടുകൾക്ക് നൽകി നമ്മൾ പ്രതിസന്ധിയെ അതിജീവിച്ചു. പ്രതിസന്ധി വീടുകളിലെത്താൻ സർക്കാർ സമ്മതിച്ചില്ല. കുറച്ച് നാളുകൾക്കുള്ളിൽ യുപി ഒരു പ്രൊഡക്ഷൻ ഹബ് ആയി മാറും. ബ്രഹ്മോസ് അടക്കം യുപിയിൽ നിന്ന് നിർമ്മിക്കും. സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലമായിരുന്നു യുപി. എന്നാൽ ഇന്ന് രാത്രി പതിനൊന്ന് മണിക്ക് ശേഷവും സ്ത്രീകൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന സ്ഥലമായി യുപി മാറിയെന്നും മോദി പറഞ്ഞു.