
ലുധിയാന: പഞ്ചാബ് ആസ്ഥാനമായുള്ള ഒരു സര്‍വകലാശാലയുടെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതശരീരം കണ്ടെത്തി. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറായ കമല്‍ കൗര്‍ എന്ന യുവതിയുടേതാണ് മൃതശരീരം എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനത്തില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി പോവുകയും പരിശോധനയില്‍ മൃതശരീരം കണ്ടെത്തുകയുമായിരുന്നു.
സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും ആദ്യം ആരാണെന്ന് തിരിച്ചറിഞ്ഞില്ല, പിന്നീട് നടത്തിയ പരിശോധനയില്‍ ലുധിയാന സ്വദേശിയായ കമല്‍ കൗര്‍ ആണെന്ന് കണ്ടെത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ജൂണ്‍ ഒമ്പതിനാണ് കമല്‍ കൗര്‍ വീട്ടില്‍ നിന്നും ഒരു പ്രൊമോഷന്‍ പരിപാടിക്ക് വേണ്ടി ഇറങ്ങിയത്. അതിന് ശേഷം വീട്ടുകാരെ ബന്ധപ്പെടുകയുണ്ടായില്ല എന്നാണ് വിവരം. കമലിന്റെ ചില പോസ്റ്റുകൾ യാഥാസ്ഥിതിക നിലപാടുകാരിൽ നിന്ന് വലിയ എതിർപ്പുകൾക്ക് ഇടയാക്കിയിരുന്നു. ഇവര്‍ക്കുനേരെ വധഭീഷണി ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒരുമാസം മുമ്പ് കമല്‍ കൗറിന് നേരെ വധഭീക്ഷണി ലഭിച്ചിരുന്നതായും പൊലീസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിൽ 383000 ഫോളോവേഴ്സുള്ള ആളാണ് കമല്‍ കൗര്‍. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.