ഞായറാഴ്ചയും മരണം ആയിരത്തിന് മുകളില്‍; കൊവിഡില്‍ കണ്ണീരണിഞ്ഞ് യുഎസ്

By Web TeamFirst Published Apr 13, 2020, 12:46 AM IST
Highlights

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1,090 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 21,667 ആയി.
 

ന്യൂയോര്‍ക്ക്: ഈസ്റ്റര്‍ ദിനത്തില്‍ കൊവിഡ് 19 വൈറസ് ബാധ മൂലം അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 1,090 പേരാണ്. ഇതോടെ അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 21,667 ആയി.

ഞായറാഴ്ച മാത്രം 17,776 പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 550,655 ആയി ഉയര്‍ന്നു. 31,120 പേര്‍ ഇതുവരെ കൊവിഡിനെ അതിജീവിച്ചു. 11,760 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണ്. ഇതിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്കില്‍ ഇറ്റലിയെ അമേരിക്ക മറികടന്നിരുന്നു.

യുഎസില്‍ ന്യൂയോര്‍ക്ക് നഗരമാണ് രോഗത്തിന്റെ പ്രധാന ഹോട്സ്പോട്ട്. ന്യൂയോര്‍ക്കില്‍ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു.യുറോപ്യന്‍ രാജ്യങ്ങളായ സ്പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലും മരണസംഖ്യ ഉയരുകയാണ്. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്.

ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചു. അതേസമയം, കഴിഞ്ഞ മുന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഈസ്റ്റര്‍ ദിനത്തില്‍ ഇറ്റലിയിലേത്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത് 431 പേരാണ്.

ഇതോടെ ഇറ്റലിയിലെ ആകെ മരണം 19,899 ആയി. 4092 പേര്‍ക്കാണ് ഞായറാഴ്ച ഇറ്റലിയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 156363 ആയി. ഇതുവരെ 34211 പേരാണ് ഇറ്റലിയില്‍ രോഗമുക്തി നേടിയത്.
 

click me!