സ്കൂളിൽ ഓജോ ബോർഡ് കളിക്കവെ കുട്ടികൾ കുഴഞ്ഞുവീണു, 5 പേരുടെ അവസ്ഥ മോശം; ഓജോ 'വാദം' തള്ളി മേയർ, വെള്ളത്തിൽ സംശയം

By Web TeamFirst Published Nov 13, 2022, 4:19 PM IST
Highlights

സ്കൂളിൽ വച്ച് കുടിച്ച വെള്ളത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതാണോയെന്ന കാര്യത്തിൽ അധികൃതർക്ക് സംശയമുണ്ട്. ഒരു പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച കുട്ടികളാണ് കുഴഞ്ഞു വീണതെന്നാണ് വ്യക്തമാകുന്നത്

സോക്കോറോ: ഓജോ ബോർഡുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള വാ‍ർത്തകളാണ് പലപ്പോഴും കേൾക്കാറുള്ളത്. ഇപ്പോഴിതാ സ്കൂളിലിരുന്ന് ഓജോ ബോ‍ർഡ് കളിക്കവെ കുട്ടികൾ കുഴഞ്ഞുവീണു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊളംബിയയിലെ സോക്കോറോയിലെ സ്കൂളിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇവിടെയുള്ള അഗ്രികൾച്ചറൽ ടെക്നിക്കൽ ഇൻസ്റ്റിട്ട്യൂട്ടിലെ വിദ്യാർഥികളാണ് ഓജോ ബോർഡ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണത്. 11 വിദ്യാർഥികൾ കുഴഞ്ഞു വീണെന്നും ഇവരിൽ 5 പേരുടെ നില വഷളായെന്നും ചില അന്താരാഷ്ട്രാ മാധ്യമങ്ങളടക്കം റിപ്പോ‍ർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികൾ ഓജോ ബോർഡ് കളിക്കവെയാണ് കുഴഞ്ഞു വീണതെങ്കിലും മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സ്കൂളിൽ വച്ച് കുടിച്ച വെള്ളത്തിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റതാണോയെന്ന കാര്യത്തിൽ അധികൃതർക്ക് സംശയമുണ്ട്. ഒരു പാത്രത്തിൽ നിന്ന് വെള്ളം കുടിച്ച കുട്ടികളാണ് കുഴഞ്ഞു വീണതെന്നാണ് വ്യക്തമാകുന്നത്. അതിനാലാണ് ഭക്ഷ്യ വിഷബാധയുടെ കാര്യത്തിൽ സംശയം ശക്തമായത്. സ്കൂളിനകത്ത് ബോധരഹിതരായ കുട്ടികളെ അധ്യാപകരാണ് ആശുപത്രിയിലെത്തിച്ചത്. ഇവർക്ക് കടുത്ത ശ്വാസം മുട്ടലടക്കം അനുഭവപ്പെട്ടിരുന്നു. മാത്രമല്ല വായിൽനിന്ന് നുരയും പതയും വന്നതായും അധ്യാപകർ പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വയറുവേദന, പേശിവലിവ്, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങളാണ് ആദ്യം കുട്ടികൾക്ക് അനുഭവപ്പെട്ടത്. പിന്നീടാണ് കുട്ടികൾ കുഴഞ്ഞുവീണത്. 11 കുട്ടികളിൽ 5 പേരുടെ നില കുറച്ച് പ്രശ്നത്തിലായതോടെ ഇവരെ സോക്കോറോയിലുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 13 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് കുഴഞ്ഞു വീണത്.

ടോറസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു, സഹയാത്രിക ആശുപത്രിയിൽ; ടോറസ് നിർത്തിയില്ല, നാട്ടുകാർ പിടികൂടി

അതേസമയം ഓജോ ബോർഡ് കളിച്ചതുകൊണ്ടാണ് കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന പ്രചാരണം തള്ളി കളഞ്ഞുകൊണ്ട് സ്ഥലത്തെ മേയർ പാബ്ലോ റോണ്ടൻ രംഗത്തെത്തി. സോഷ്യൽ മീഡിയയിലടക്കം നടക്കുന്ന പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു തരത്തിലുമുള്ള ശാസ്ത്രീയ അടിത്തറയുമില്ലാത്ത വാദങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികൾ കുഴഞ്ഞു വീഴാനിടയാക്കിയ സാഹചര്യത്തെക്കറിച്ച് വിശദമായി അന്വേഷിക്കുമെന്നും മേയർ അറിയിച്ചു.

click me!