മുഖത്ത് വവ്വാല്‍ വന്നിരുന്ന് ഉറക്കം ഉണര്‍ന്നു; കാനഡയില്‍ 11 വയസ്സുകാരന്‍ പേവിഷബാധ മൂലം മരിച്ചു

Published : Jul 02, 2026, 04:03 PM IST
Bat

Synopsis

രാവിലെ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് കുട്ടിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട്, കടുത്ത പനി, വിഭ്രാന്തി, ഉമിനീരൊഴുക്ക്, ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം എന്നീ ലക്ഷണങ്ങളുണ്ടായി. തൊട്ടുപിന്നാലെ, കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ഒന്റാറിയോ: ഉറക്കത്തിനിടയില്‍ മുഖത്ത് വവ്വാല്‍ വന്നിരുന്ന് ദിവസങ്ങള്‍ക്കു ശേഷം, 11 വയസ്സുകാരന്‍ പേവിഷബാധയേറ്റ് മരിച്ചു. കാനഡയിലെ ഒന്റാറിയോയില്‍ 2024-ല്‍ നടന്ന ഈ ഞെട്ടിക്കുന്ന സംഭവം കഴിഞ്ഞ ദിവസം കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നത്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയില്‍ 1967-ന് ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ പ്രാദേശിക പേവിഷബാധ മരണമാണിത്.

ഉറക്കത്തിനിടയില്‍ മൂക്കിലും വായയിലുമായി വവ്വാല്‍ ഇരിക്കുന്നത് കണ്ട് കുട്ടി ഞെട്ടിയുണരുകയും അതിനെ മുഖത്ത് നിന്ന് തട്ടിമാറ്റുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ പിതാവ് വവ്വാലിനെ ഒരു പാത്രത്തിലാക്കി വീടിന് പുറത്തുവിട്ടു. കുട്ടിയുടെ ശരീരത്തില്‍ കടിയേറ്റതോ പോറലേറ്റതോ ആയ പാടുകള്‍ ഇല്ലായിരുന്നു. അതിനാല്‍, മാതാപിതാക്കള്‍ അന്ന് വൈദ്യസഹായം തേടിയില്ല.

എന്നാല്‍ 19 ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മുഖത്തിന്റെ വലതുഭാഗത്ത് തരിപ്പും മരവിപ്പും വന്നു. മുഖത്ത് വീക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇത് ബെല്‍സ് പാള്‍സി ആണെന്ന് തെറ്റിദ്ധരിച്ച് മരുന്ന് നല്‍കി വിട്ടയക്കുകയായിരുന്നു.

പിറ്റേന്ന് രാവിലെ കുട്ടിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് കുട്ടിക്ക് സംസാരിക്കാന്‍ ബുദ്ധിമുട്ട്, കടുത്ത പനി, വിഭ്രാന്തി, ഉമിനീരൊഴുക്ക്, ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസം എന്നീ ലക്ഷണങ്ങളുണ്ടായി. തൊട്ടുപിന്നാലെ, കുട്ടിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വവ്വാല്‍ മുഖത്ത് വന്നിരുന്ന കഥ മാതാപിതാക്കള്‍ പറഞ്ഞതോടെ ഡോക്ടര്‍മാര്‍ക്ക് ഇത് പേവിഷബാധയാണെന്ന സംശയം ബലപ്പെട്ടു. പിസിആര്‍ പരിശോധന നടത്തിയപ്പോള്‍, കുട്ടിയ്ക്ക് വവ്വാലുകളില്‍ നിന്ന് പകരുന്ന പ്രത്യേക തരം റേബീസ് വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. തീവ്രപരിചരണം നല്‍കിയെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ പതിനേഴാം ദിവസം കുട്ടി മരണത്തിന് കീഴടങ്ങി.

വവ്വാലുകളുടെ പല്ലുകള്‍ വളരെ ചെറുതും മൂര്‍ച്ചയുള്ളതുമാണ്. അതിനാല്‍ അവ കടിക്കുന്നത് പലപ്പോഴും തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ വവ്വാലുകളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും അതീവ അപകടസാധ്യതയുള്ളവയായി കണക്കാക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടമായിക്കഴിഞ്ഞാല്‍ പിന്നീട് ഫലപ്രദമായ ചികിത്സകളൊന്നുമില്ലെന്നും മരണം ഉറപ്പാണെന്നും ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു. മൃഗങ്ങളില്‍ നിന്ന് കടിയേല്‍ക്കുകയോ സമ്പര്‍ക്കമുണ്ടാകുകയോ ചെയ്താല്‍ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ നല്‍കുന്നവാക്‌സിനേഷനിലൂടെ മാത്രമേ ജീവന്‍ രക്ഷിക്കാന്‍ സാധിക്കൂ എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനാണ് മാതാപിതാക്കളുടെ സമ്മതത്തോടെ ഈ സംഭവം ഇപ്പോള്‍ പ്രസിദ്ധീകരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്ഥിരീകരിച്ച് മന്ത്രാലയം; ആയത്തുള്ള അലി ഖമനെയിയുടെ സംസ്‌കാര ചടങ്ങുകളിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും
യുക്രൈനെ നടുക്കി റഷ്യയുടെ വ്യോമാക്രമണം; 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു; പാര്‍പ്പിടങ്ങള്‍ തകര്‍ന്നുവീണു