
ഇസ്ലാമാബാദ്: പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്ഫോടനം. സംഭവത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരിൽ ഭൂരിഭാഗവും കോടതിയിൽ വാദം കേൾക്കാൻ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പൊലീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിന്റെ ശബ്ദം ആറ് കിലോമീറ്റർ അകലെ വരെ കേട്ടു. പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ചാവേർ സ്ഫോടനത്തെ ശക്തമായി അപലപിക്കുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.