
കോസ്ട്രോമ: റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ മദ്യപിച്ച ഒരാള്‍ ഫ്ലെയർ ഗണില്‍ നിന്നും വെടിയുയര്‍ത്തിയതിനെ തുടര്‍ന്ന് തീ പിടിത്തം. തീ പിടിത്തത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. തീപിടിക്കുമ്പോള്‍ ബാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലെന്നും കുറഞ്ഞത് 250 പേരെങ്കിലും ബാറില്‍ ഈ സമയം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള കോസ്ട്രോമ നഗരത്തിലെ നിശാ ക്ലബിലാണ് തീ പിടിത്തം. ഫെയര്‍ ഗണില്‍ നിന്നും തീയുതിര്‍ത്തതിന് പിന്നാലെ ഡാന്‍സ് ബാറിലെ വയറുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. നിമിഷനേരത്തിനുള്ളില്‍ ഡാന്‍സ് ബാറിലെ മുകള്‍തട്ടിലെ അലങ്കാരങ്ങള്‍ കത്തുകയും തീ ആളിപ്പടരുകയുമായിരുന്നെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീപിടിത്തം ശക്തമായതോടെ മുറികളില്‍ പുക നിറഞ്ഞ് ആളുകള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. തീപിടിത്തത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേന നിരവധി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. തീ പിടിത്തത്തെ തുടര്‍ന്ന് 23 വയസുകാരനെ അറസ്റ്റ് ചെയ്തതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ ക്ലബ്ബിന്‍റെ മാനേജരെയും അറസ്റ്റു ചെയ്തു.
23 വയസുകാരനായ യുവാവ് ഡാന്‍സ് ബാറില്‍ ഒരു സ്ത്രീയുമായി സമയം ചെലവഴിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ സ്ത്രീയ്ക്കായി കുറച്ച് പൂക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡാന്‍സ് ഫ്ലോറില്‍ ചാടിക്കയറിയ ഇയാള്‍ മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ നിലക്കെട്ടിടം മുഴുവനായും തീ വിഴുന്ന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിത ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തു. ബാറില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍റെ ഉടമസ്ഥതയിലാണ് ക്ലബ്ബെന്ന് ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്തു. 2009 ല്‍ റഷ്യയിലെ പ്രേം നഗരത്തിലെ നിശാ ക്ലബ്ബിലുണ്ടായ തീ പിടിത്തത്തില്‍ 159 പേരാണ് മരണത്തിന് കീഴടങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam