
ഇസ്ലാമാബാദ്: പാക് പോലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 7 പോലീസുകാരും 6 തീവ്രവാദികളും കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പോലീസ് പരിശീലന കേന്ദ്രത്തിലാണ് സംഭവം. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടുനിന്നു. ഇന്ന് ആറ് പൊലീസുകാർ കൂടി മരിച്ചെന്ന് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ രട്ട കുലാച്ചി പോലീസ് പരിശീലന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. പരിശീലന കേന്ദ്രത്തിൻ്റെ പ്രധാന ഗേറ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു. പിന്നാലെ ഭീകരർ ഈ കേന്ദ്രത്തിലേക്ക് ഇരച്ചുകയറി. ഇതേ തുടർന്ന് ഇന്നലെ രാത്രി പൊലീസും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. മൂന്ന് ഭീകരരെ തുടക്കത്തിൽ വധിച്ചു. പിന്നീട് മൂന്ന് ഭീകരരെ കൂടി വധിക്കാനായെന്ന് പൊലീസ് പറഞ്ഞിരുന്നു.
ആദ്യ ഘട്ടത്തിൽ ഒരു പൊലീസുകാരൻ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കിയെങ്കിലും രാവിലെയോടെ കണക്ക് പുതുക്കി. കൊല്ലപ്പെട്ടവരിൽ കൂടുതൽ പൊലീസുകാരാണെന്ന് ഇതോടെ വ്യക്തമായി. 13 പൊലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. എസ്‌എസ്‌ജി കമാൻഡോകൾ, അൽ-ബർഖ് ഫോഴ്‌സ്, എലൈറ്റ് ഫോഴ്‌സ്, പോലീസ് ഉദ്യോഗസ്ഥരുമാണ് ഭീകരരെ നേരിട്ടത്. ഈ സമയത്ത് 200 ലേറെ പേർ പരിശീലന കേന്ദ്രത്തിൽ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam