
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യ നില അസാധാരണമെന്ന് വൈറ്റ് ഹൗസ്. ട്രംപിന്റെ ഹൃദയാരോഗ്യം അസാധാരണമാണെന്ന് കണ്ടെത്തിയതായി യുഎസ് പ്രസിഡന്റിന്റെ ഡോക്ടർ അറിയിച്ചു. ട്രംപിന്റെ കാർഡിയാക് പ്രായം യഥാർഥ പ്രായത്തേക്കാൾ 14 വയസ്സ് കുറവാണെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വൈറ്റ് ഹൗസ് അറിയിച്ചു. അതായത് ആരോഗ്യമുള്ള 65കാരന്റെ ഹൃദയാരോഗ്യം 79 കാരനായ ട്രംപിനുണ്ടെന്നും ഡോക്ടർ പറയുന്നു. 79 കാരനായ ട്രംപ്, യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു. കൂടാതെ രാജ്യത്തിന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ വ്യക്തിയുമാണ് ട്രംപ്.
ട്രംപ് അസാധാരണമായ ആരോഗ്യത്തോടെ തുടരുന്നു. ഹൃദയ, ശ്വാസകോശ, നാഡീ, ശാരീരിക പ്രവർത്തനങ്ങൾ എന്നിവ നല്ല ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റിന് നൽകിയ മെമ്മോയിൽ ട്രംപിന്റെ ഡോക്ടർ ഷോൺ ബാർബബെല്ല പറഞ്ഞു. വരാനിരിക്കുന്ന അന്താരാഷ്ട്ര യാത്രയ്ക്കുള്ള തയ്യാറെടുപ്പിനായി, ട്രംപ് പ്രതിരോധ ആരോഗ്യ പരിശോധനകളും പ്രതിരോധ കുത്തിവയ്പ്പുകളും സ്വീകരിച്ചു. വാർഷിക ഇൻഫ്ലുവൻസയും കൊവിഡ് -19 ബൂസ്റ്റർ വാക്സിനേഷനും ട്രംപ് സ്വീകരിച്ചു.
അദ്ദേഹത്തിന്റെ ഹൃദയ പ്രായം അദ്ദേഹത്തിന്റെ പ്രായത്തേക്കാൾ ഏകദേശം 14 വയസ്സ് കുറവാണെന്ന് കണ്ടെത്തിയെന്നും മെമോയിൽ പറയുന്നു. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് ബൈഡനുമായി ഒരു താരതമ്യം നടത്തുകയും താൻ പ്രായം കുറഞ്ഞവനും ഫിറ്റാണെന്നും അവകാശപ്പെടുകയും ചെയ്തിരുന്നു. പതിവ് വാർഷിക പരിശോധനയ്ക്കും സൈനികരുമായുള്ള കൂടിക്കാഴ്ചയ്ക്കുമായി മേരിലാൻഡിലെ ബെഥെസ്ഡയിലെ ആശുപത്രിയായ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലും ട്രംപ് എത്തി.
ഏപ്രിലിൽ പരിശോധനക്ക് ശേഷം, വൈറ്റ് ഹൗസ് പുറത്തിറക്കിയ മെമ്മോയിൽ ട്രംപിന് 6 അടി, 3 ഇഞ്ച് (190 സെന്റീമീറ്റർ) ഉയരവും 224 പൗണ്ട് (102 കിലോഗ്രാം) ഭാരവുമുണ്ടെന്നും അദ്ദേഹത്തിന്റെ ഉയർന്ന കൊളസ്ട്രോൾ നിയന്ത്രണവിധേയമാണെന്നും പറഞ്ഞിരുന്നു. ജൂലൈയിൽ, ട്രംപിന്റെ കാലുകളിൽ വീക്കവും വലതുകൈയിൽ ചതവും അനുഭവപ്പെടുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. വീർത്ത കണങ്കാലുകളും മേക്കപ്പ് ഉപയോഗിച്ച് കൈ ഭാഗം മറച്ചിരിക്കുന്നതായി ഫോട്ടോകളിൽ കാണിച്ചതിന് ശേഷമാണ് ഇക്കാര്യം വൈറ്റ് ഹൗസ് വെളിപ്പെടുത്തിയത്. ക്രോണിക് വെനസ് അപര്യാപ്തത മൂലമാണ് കാലിലെ പ്രശ്‌നം ഉണ്ടായതെന്ന് പരിശോധനകൾ സ്ഥിരീകരിച്ചതായി വൈറ്റ് ഹൗസ് അന്ന് പുറത്തിറക്കിയ ഒരു കത്തിൽ ബാർബബെല്ല പറഞ്ഞു. ഇടയ്ക്കിടെയുള്ള ഹസ്തദാനം, ആസ്പിരിൻ ഉപയോഗം എന്നിവ മൂലമുണ്ടായതാണ് കൈയിലെ പ്രശ്നമെന്നും അന്ന് ഡോക്ടർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam