
ഫ്ളോറിഡ: സ്കൂളിലെ കംപ്യൂട്ടറിൽ ചാറ്റ്ജിപിടിയോട് പതിമൂന്നുകാരൻ ചോദിച്ച ചോദ്യം കേട്ട് അമ്പരന്ന് എഎ സംവിധാനം. ഒട്ടും വൈകാതെ സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നൽകി, പിന്നാലെ വിദ്യാർത്ഥി പിടിയിലായി. ക്ലാസിനിടയിൽ തന്റെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താം എന്നായിരുന്നു ചാറ്റ്ജിപിടിയോട് പതിമൂന്നുകാരന്‍റെ ചോദ്യം. ഡെലാൻഡിലെ സൗത്ത് വെസ്റ്റേൺ മിഡിൽ സ്കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.
സ്കൂളിലെ കംപ്യൂട്ടറിൽ ലോഗിൻ ചെയ്ത കുട്ടി ചാറ്റ്ജിപിടിയോട് 'ക്ലാസിനിടയിൽവച്ച് എന്റെ സുഹൃത്തിനെ എങ്ങനെ കൊലപ്പെടുത്താം' എന്ന് ചോദിക്കുകയായിരുന്നു. പക്ഷേ നിമിഷങ്ങൾക്കകം സ്കൂൾ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിൾ എന്ന എഐ സംവിധാനം സ്കൂൾ ക്യംപസിലെ പൊലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം അലർട്ട് ചെയ്തു. ഉടനെ തന്നെ പൊലീസ് എത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ താൻ തമാശക്കായി ചെയ്തതാണെന്നാണ് കുട്ടി നൽകിയ മൊഴി. താൻ കൂട്ടുകാരനെ ട്രോൾ ചെയ്യുകയായിരുന്നു എന്നായിരുന്നു കുട്ടി പൊലീസിനോട് പറഞ്ഞത്. എന്നാൽ സ്കൂൾ അധികൃതരും പൊലീസ് ഉദ്യോഗസ്ഥനും ഈ മൊഴി മുഖവിലക്കെടുത്തിട്ടില്ല. അമേരിക്കയിൽ ആവർത്തിച്ച് വരുന്ന സ്കൂൾ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിഷയം പൊലീസും അധികൃതരും ഗൗരവത്തിലെടുത്തിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം പൊലീസ് വിദ്യാർഥിയെ അറസ്റ്റ് ചെയ്ത് ജുവനൈൽ ഹോമിലേക്ക് മാറ്റി. വിലങ്ങണിയിച്ച് കുട്ടിയെ പൊലീസ് വാഹനത്തിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam