14 വർഷം, ഇതുവരെ പറന്നത് 100 കോടിയിലധികം യാത്രക്കാർ, ആദ്യമായി തകർന്നത് അഹമ്മദാബാ​ദിൽ; ബോയിം​ഗ് 787 ഡ്രീംലൈനറിന്റെ ചരിത്രം

Published : Jun 13, 2025, 01:45 AM IST
boeing 787 dreamliner

Synopsis

14 വർഷത്തിനിടെ ഈ മോഡൽ വിമാനങ്ങൾ ഒരു ബില്യണിലധികം യാത്രക്കാരുമായി പറന്നു. 2011ൽ സർവീസ് ആരംഭിച്ചതിന് ശേഷം മാരകമായ അപകടങ്ങളൊന്നുമുണ്ടായില്ല എന്നതും വലിയ നേട്ടമായി ചൂണ്ടിക്കാട്ടി.

ബോയിം​ഗ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ചരിത്രത്തിലെ ആളുകൾ മരിക്കുന്ന ആദ്യത്തെ അപകടമായി അഹമ്മദാബാദ് ദുരന്തം. 2009 ഡിസംബർ 15നാണ് ആദ്യമായി ബോയിംഗ് 787 ഡ്രീംലൈനർ പറന്നുയർന്നത്. 2011ൽ വാണിജ്യ സർവീസ് ആരംഭിച്ചു. 14 വർഷത്തിനിടെ ഈ മോഡൽ വിമാനങ്ങൾ ഒരു ബില്യണിലധികം യാത്രക്കാരുമായി പറന്നു. 2011ൽ സർവീസ് ആരംഭിച്ചതിന് ശേഷം മാരകമായ അപകടങ്ങളൊന്നുമുണ്ടായില്ല എന്നതും വലിയ നേട്ടമായി ചൂണ്ടിക്കാട്ടി. എന്നാൽ വ്യാഴാഴ്ച അഹമ്മദാബാദിൽ 242 പേരുമായി ബോയിംഗ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണതോടെ റെക്കോർഡുകളെല്ലാം മാറി.

അന്താരാഷ്ട്ര സർവീസുകൾക്കായി എയർലൈൻ കമ്പനികൾ ഉപയോഗിക്കുന്ന പ്രധാന ദീർഘദൂര, വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787 ഡ്രീംലൈനർ. ആദ്യത്തെ വാണിജ്യ വിമാനം 2011 ഒക്ടോബർ 26 ന് ടോക്കിയോ നരിറ്റയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറന്ന ഓൾ നിപ്പോൺ എയർവേയ്‌സ് വിമാനമായിരുന്നു. ബോയിംഗ് 787 സീരീസിൽ ഇപ്പോൾ മൂന്ന് മോഡലുകളാണ് സർവീസ് നടത്തുന്നത്. 

അഹമ്മദാബാദ് അപകടത്തിൽ ഉൾപ്പെട്ട ബോയിംഗ് 787-8 ആണ് ആദ്യം അവതരിപ്പിച്ചതും ശ്രേണിയിലെ ഏറ്റവും ചെറുതും. 787-8 ന് 248 യാത്രക്കാരെ വഹിക്കാൻ കഴിയും. കൂടുതൽ റേഞ്ചുള്ള 787-9 ന് 296 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മൂന്നിൽ ഏറ്റവും വലിയ വിമാനമായ 787-10ൽ 336 പേർക്ക് യാത്ര ചെയ്യാനാകുമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ബോയിംഗ് 787 മോഡൽ അവതരിപ്പിച്ചതിനുശേഷം 2,500-ലധികം വിമാനങ്ങൾ വിറ്റഴിച്ചു. 47 എണ്ണം എയർ ഇന്ത്യ വാങ്ങി. 1,189 ജെറ്റുകൾ അവർ ഡെലിവറി ചെയ്തു. പക്ഷേ മറ്റ് മോഡലുകളിലെ സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ചുള്ള വിമർശനങ്ങൾ കാരണം ഉൽപ്പാദനം വൈകുന്നു. ഇരട്ട എഞ്ചിനുകളുള്ള 787, രണ്ട് തരം എഞ്ചിനുകളാണുള്ളത്. ജിഇ എയറോസ്പേസും റോൾസ് റോയ്സുമാണ് എൻജിനുകൾ നിർമിക്കുന്നത്. അഹമ്മദാബാദിൽ തകർന്ന വിമാനത്തിന്റെ എൻജിൻ ജിഇ എയറോസ്പേസ് നിർമിച്ചതായിരുന്നു.

ഈടുനിൽക്കുന്നതും ഭാരം കുറഞ്ഞതുമായ സംയുക്ത വസ്തുക്കളുടെയും കൂടുതൽ വൈദ്യുത സംവിധാനങ്ങളുടെയും ഉപയോഗത്തിലൂടെ 20% കൂടുതൽ ഇന്ധനക്ഷമതയാണ് 787 ലൈനിന്റെ പ്രധാന പ്രത്യേകത. വലിപ്പം, ശ്രേണി, കാര്യക്ഷമത എന്നിവയിൽ ബോയിംഗ് 747, എയർബസ് A380 പോലുള്ള വലിയ വിമാനങ്ങളെ ബോയിംഗ് 787 ഡ്രീംലൈനർ മറികടന്നു. 

ബോയിംഗ് 787 ഡ്രീംലൈനറിന്റെ വെല്ലുവിളി മറികടക്കാൻ എയർബസ് A350 കോമ്പോസിറ്റ് ജെറ്റ് വികസിപ്പിച്ചെടുത്തു. വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു പുതിയ രീതിക്കും 787 തുടക്കമിട്ടു. ഘടനയുടെയും ഘടകങ്ങളുടെയും ഭൂരിഭാഗവും ലോകമെമ്പാടുമുള്ള കമ്പനികൾക്ക് ഔട്ട്‌സോഴ്‌സ് ചെയ്തു. ഔട്ട്‌സോഴ്‌സിംഗിൽ അതിരുകടന്നതായി കമ്പനി പിന്നീട് സമ്മതിച്ചു.

100 കോടിയിലധികം യാത്രക്കാർ 14 വർഷത്തിനുള്ളിൽ ബോയിംഗ് 787 ഡ്രീംലൈനറിൽ യാത്ര ചെയ്തു. വ്യോമയാന ചരിത്രത്തിലെ മറ്റൊരു വൈഡ് ബോഡി വിമാനവും ഇത്ര വേഗത്തിൽ കൈവരിക്കാത്ത നാഴികക്കല്ലാണ് 787 ഡ്രീംലൈനർ കൈവരിച്ചത്. 

2013 ജൂലൈയിൽ, ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരില്ലായിരുന്ന ഒരു എത്യോപ്യൻ എയർലൈൻസ് 787 വിമാനത്തിന് തീപിടിച്ചിരുന്നു. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്ററിലെ ഷോർട്ട് സർക്യൂായിരുന്നു കാരണം. അതേ വർഷം തന്നെ, ടോക്കിയോയിലും ബോസ്റ്റണിലും രണ്ട് ജാപ്പനീസ് വിമാനങ്ങളിലെ ലിഥിയം ബാറ്ററികൾ അമിതമായി ചൂടായതിനെ തുടർന്ന് ആഗോളതലത്തിൽ 787 വിമാനങ്ങളുടെ പ്രവർത്തനം റെഗുലേറ്റർമാർ താൽക്കാലികമായി നിർത്തിവച്ചു. ഇത് പരിഹരിക്കുന്നതിനായി ഡിസൈൻ മാറ്റങ്ങൾ വരുത്തി. 

കഴിഞ്ഞ വർഷം മാർച്ചിൽ, സിഡ്‌നിയിൽ നിന്ന് ഓക്ക്‌ലൻഡിലേക്കുള്ള യാത്രാമധ്യേ ചിലിയൻ എയർലൈൻസിന്റെ 787 വിമാനം ചെറിയ അപകടത്തിൽപ്പെട്ട് 50 പേർക്കെങ്കിലും പരിക്കേറ്റു. എന്നാൽ, ലോകത്തെ നടുക്കി 241 പേർ മരിച്ച സംഭവം ആദ്യമായാണ് ബോയിംഗ് 787 ഡ്രീംലൈനർ ചരിത്രത്തിൽ ഉണ്ടായിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണം'; പിന്തുണയുമായി ചൈനയും റഷ്യയും, ചർച്ച നടത്തി യുഎൻ മേധാവി
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; 54 വർഷത്തിന് ശേഷം നാസയുടെ ദൗത്യം, ചന്ദ്രനെ ചുറ്റി തിരിച്ചെത്തുക വനിത ഉൾപ്പെടെ നാലംഗ സംഘം