
ടെഹ്റാൻ: ജോർദാനിലെ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ രണ്ട് യു.എസ് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നാലെ ഒരു സൈനികനെ കാണാതായിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചു. മേഖലയിൽ യു.എസും സഖ്യകക്ഷികളും ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായതെന്നാണ് വിവരം.
വെള്ളിയാഴ്ച രാത്രിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ നാല് യു.എസ് സൈനികരെ ജോർദാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമല്ലാത്തതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ഡിസ്ചാർജ് ചെയ്തു. നിസ്സാര പരിക്കേറ്റ മറ്റ് ചില സൈനികർക്കും സൈനിക താവളത്തിൽ വെച്ച് തന്നെ ചികിത്സ നൽകി. കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ ഔദ്യോഗികമായി ബന്ധുക്കളെ അറിയിച്ചതിന് ശേഷമേ പുറത്തുവിടുകയുള്ളൂ എന്ന് യു.എസ് സൈന്യം വ്യക്തമാക്കി.
ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 16 യു.എസ് സൈനികരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂൺ 27 മുതൽ ജൂലൈ 18 വരെയുള്ള ദിവസങ്ങളിൽ അമേരിക്ക നടത്തിയ തിരിച്ചടിയിൽ തങ്ങളുടെ 50 പൗരന്മാർ കൊല്ലപ്പെടുകയും 500-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ജോർദാനിലെ താവളത്തിന് നേരെ നടത്തിയ ആഖ്രമണത്തിലൂടെ യു.എസ് യുദ്ധവിമാനങ്ങളും ഇന്ധനം നിറയ്ക്കുന്ന ടാങ്കറുകളും തകർത്തതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെടുന്നുണ്ടെങ്കിലും യു.എസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam