പശ്ചിമേഷ്യയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. ടെഹ്‌റാനിലെ പലസ്തീൻ സ്ക്വയറിൽ ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ചിത്രങ്ങൾ ശവപ്പെട്ടികൾക്ക് മുകളിൽ പതിച്ച കൂറ്റൻ ബോർഡുകൾ സ്ഥാപിച്ചാണ് ഭീഷണി. ഖമനെയിയുടെ മരണത്തിന് പ്രതികാരമായി "ചോരയ്ക്ക് പകരം ചോര" എന്ന മുദ്രാവാക്യവും ബോർഡിലുണ്ട്.
ടെഹ്റാൻ: പശ്ചിമേഷ്യയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും കുടുംബത്തിനും നേരെ ഇറാന്റെ വധഭീഷണി. അമേരിക്കൻ പതാക പുതച്ച ശവപ്പെട്ടികൾക്ക് മുകളിൽ ട്രംപിൻ്റെയും കുടുംബത്തിൻ്റെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ പരസ്യബോർഡ് ഉയർത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പലസ്തീൻ സ്ക്വയറിൽ സ്ഥാപിച്ച കൂറ്റൻ പരസ്യബോർഡിലൂടെയാണ് വെല്ലുവിളി. വൈറ്റ് ഹൗസ് പശ്ചാത്തലമായ ചിത്രത്തിൽ ചോരയ്ക്ക് പകരം ചോര എന്ന മുദ്രാവാക്യവും എഴുതിയിട്ടുണ്ട്.
ഡൊണാൾഡ് ട്രംപ്, പങ്കാളി മെലാനിയ ട്രംപ്, മക്കളായ ഇവാൻക, ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക്, ടിഫാനി, ബാരൺ ട്രംപ് എന്നിവരുടെ ചിത്രങ്ങളാണ് ശവപ്പെട്ടികൾക്ക് മുകളിലായി നൽകിയിരിക്കുന്നത്. ഫെബ്രുവരി 28-ന് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അലി ഖമനെയിയുടെയും അദ്ദേഹത്തിന്റെ മകൾ, മരുമക്കൾ, പേരക്കുട്ടി എന്നിവരുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്ന പ്രഖ്യാപനമായാണ് ഈ ബോർഡ് വിലയിരുത്തപ്പെടുന്നത്. ടെഹ്‌റാനിലെ എംഗലാബ് സ്ക്വയറിൽ സ്ഥാപിച്ച മറ്റൊരു ബോർഡിൽ കണ്ണുകൾ അടച്ച്, മുടി അലങ്കോലമായി ശവപ്പെട്ടിയിൽ കിടക്കുന്ന ട്രംപിന്റെ ചിത്രമുണ്ട്. ഇതിന് താഴെ "ഞങ്ങൾ ട്രംപിനെ കൊല്ലും" എന്ന് പേർഷ്യൻ ഭാഷയിലും ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. കൂടാതെ റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ പേരിന് താഴെ "അടുത്തത് ആര്?" എന്ന ചോദ്യവുമുണ്ട്.
ഖമനെയിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകനും പിൻഗാമിയുമായ ആയത്തുള്ള മൊജ്‌തബ ഖമനെയി ഇറാൻ്റെ പരമാധികാരിയായിരുന്നു. ഇദ്ദേഹം ഉൾപ്പെടെയുള്ള ഇറാൻ്റെ ഭരണത്തലവന്മാർ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്. ഉൾപ്പെടെയുള്ള ഇറാൻ അധികാരികൾ കടുത്ത പ്രതികാരത്തിന് ആഹ്വാനം ചെയ്തിരുന്നു. തന്നെ വധിക്കാൻ ഇറാൻ ശ്രമിച്ചാൽ അമേരിക്കയിൽ നിന്ന് അതിശക്തവും വിനാശകരവുമായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപും നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.


