അമേരിക്കൻ സൈനിക ആക്രമണങ്ങൾക്കെതിരെ ഇറാൻ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകി.
ടെഹ്റാൻ : തുറമുഖങ്ങൾ, ഗതാഗത ശൃംഖലകൾ, ആശയവിനിമയ സംവിധാനങ്ങൾ, ആശുപത്രികളടക്കം ഇറാന്റെ പൊതു അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ അമേരിക്ക നടത്തുന്ന തുടർച്ചയായ സൈനിക ആക്രമണങ്ങളെ കടുത്ത ഭാഷയിൽ അപലപിച്ച് ഐക്യരാഷ്ട്രസഭയിലെ ഇറാൻ സ്ഥിരം പ്രതിനിധി അമീർ സഈദ് ഇരവാനി. യുഎസ് വ്യോമാക്രമണങ്ങൾ അന്താരാഷ്ട്ര സമാധാനത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന് പ്രത്യേക കത്തയച്ചു.
രാജ്യത്തെ സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുന്ന രീതിയിലാണ് യുഎസ് സൈന്യം വ്യോമാക്രമണം നടത്തുന്നതെന്ന് ഇറാൻ ആരോപിക്കുന്നു. തുറമുഖങ്ങൾ, ഗതാഗത ശൃംഖലകൾ, ആശയവിനിമയ സംവിധാനങ്ങൾ, ലോജിസ്റ്റിക്സ് ഹബ്ബുകൾ, റഡാർ സംവിധാനങ്ങൾ, തീരദേശ പ്രതിരോധ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള സിവിലിയൻ സങ്കേതങ്ങളെയാണ് അമേരിക്ക ബോധപൂർവ്വം ലക്ഷ്യമിടുന്നത്. ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം അമേരിക്കയ്ക്ക് മാത്രമാണെന്ന് ഇരവാനി കത്തിൽ വ്യക്തമാക്കി. നിയമവിരുദ്ധമായ ഇത്തരം സൈനിക നടപടികൾ പേർഷ്യൻ ഗൾഫ്, ഹോർമുസ് കടലിടുക്ക് എന്നിവടങ്ങളിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യത്തെയും പ്രാദേശിക സുസ്ഥിരതയെയും പൂർണ്ണമായി തകർക്കുമെന്നും ഇറാൻ യുഎന്നിനെ അറിയിച്ചു.


