
സിഡ്‌നി: ലോകമെമ്പാടും ആവേശപൂർവ്വം 2026-നെ വരവേറ്റു. ഓഷ്യാനിയൻ രാജ്യങ്ങളായ ന്യൂസിലൻഡും ഓസ്‌ട്രേലിയയുമാണ് ആദ്യം പുതുവർഷത്തിലേക്ക് കടന്നത്. ആഘോഷങ്ങൾക്കിടയിലും സിഡ്‌നിയിൽ അടുത്തിടെയുണ്ടായ ബോണ്ടി ബീച്ച് ഭീകരാക്രമണത്തിന്റെ ഓർമ്മകൾ പങ്കുവച്ചായിരുന്നു ആളുകളുടെ ആഘോഷം. സിഡ്‌നി ഹാർബർ ബ്രിഡ്ജിൽ കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗത്തിന് മുൻപ്, ബോണ്ടി ബീച്ച് ആക്രമണത്തിൽ ഇരയായവർക്കായി ഒരു മിനിറ്റ് മൗനം ആചരിച്ചു. ഐക്യത്തിന്റെയും സമാധാനത്തിന്റെയും പ്രതീകമായ സമാധാനം ഐക്യം എന്നീ വാക്കുകൾ പാലത്തിൽ പ്രകാശപൂരിതമായി തെളിഞ്ഞു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഫോണിലെ ഫ്ലാഷ് ലൈറ്റുകൾ തെളിച്ചാണ് ആയിരക്കണക്കിന് ആളുകൾ ഇതിൽ പങ്കാളികളായത്.
ജപ്പാനിൽ പരമ്പരാഗതമായ 'ഷോഗാറ്റ്‌സു' ആഘോഷങ്ങളോടെയാണ് 2026-നെ വരവേറ്റത്. ലോകത്തിലെ തിന്മകളും ലൗകിക മോഹങ്ങളും ഇല്ലാതാക്കുന്നതിന്റെ പ്രതീകമായി ബുദ്ധക്ഷേത്രങ്ങളിൽ വലിയ മണികൾ 108 തവണ മുഴക്കി. വീടുകൾ വൃത്തിയാക്കി പൈൻ മരത്തിന്റെ ചില്ലകളും മുളയും വൈക്കോലും ഉപയോഗിച്ച് അലങ്കരിച്ചു. ഇത് ഭാഗ്യത്തിന്റെയും പുതിയ തുടക്കത്തിന്റെയും അടയാളമായി ജാപ്പനീസ് ജനത വിശ്വസിക്കുന്നു.
ദക്ഷിണ കൊറിയയും ഉത്തര കൊറിയയും
ജനുവരി ഒന്ന് 'സിൻജിയോങ്' (Sinjeong) എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിവസം ഔദ്യോഗിക അവധിയോടെ ജനങ്ങൾ ആഘോഷിക്കുന്നു. എങ്കിലും ഫെബ്രുവരിയിൽ വരാനിരിക്കുന്ന ചാന്ദ്ര പുതുവത്സരമായ 'സോല്ലാലിനാണ്' (Seollal) ദക്ഷിണ കൊറിയക്കാർ കൂടുതൽ സാംസ്കാരിക പ്രാധാന്യം നൽകുന്നത്. അന്താരാഷ്ട്ര കലണ്ടർ അനുസരിച്ച് ഉത്തര കൊറിയയിലും ജനുവരി ഒന്ന് പുതുവത്സരമായി ആചരിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിയന്ത്രിതമായ ആഘോഷങ്ങളാണെങ്കിലും രാജ്യമൊട്ടാകെ ഔദ്യോഗികമായി ഈ ദിനം ആഘോഷിച്ചു. അത്യാധുനികമായ ആഘോഷങ്ങൾക്കൊപ്പം തന്നെ സമാധാനത്തിന്റെ സന്ദേശവും പാരമ്പര്യ മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടാണ് ലോകം 2026-ലേക്ക് പ്രവേശിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam