
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ 216 തടവുകാർ ജയിൽ ചാടിയെന്ന് റിപ്പോർട്ട്. ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതിന് പിന്നാലെ സെല്ലുകളുടെ വാതിലുകളും പൂട്ടുകളും തകർത്തും ജനലുകൾ പൊളിച്ചും തടവു പുള്ളികൾ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. തീവ്രവാദ കേസിലെ പ്രതികൾ ഉൾപ്പെടെ അയ്യായിരത്തോളം തടവുകാരെ പാർപ്പിച്ചിരുന്ന കാറാച്ചിയിലെ മലിർ ജയിലിലാണ് സംഭവം. പാകിസ്ഥാനിലെ കുപ്രസിദ്ധരായ നിരവധി തടവുകാരും ഇവിടെയുണ്ടായിരുന്നു.
റിക്ടർ സ്കെയിലിൽ 3.2 മുതൽ 3.6 വരെ തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനങ്ങളാണ് ചൊവ്വാഴ്ച കറാച്ചിയിലുണ്ടായത്. ഭൂചലനത്തിൽ ജയിൽ ഭിത്തികളിൽ വിള്ളലുണ്ടായതോടെ തടവുകാർ ഭയന്ന് ബഹളമുണ്ടാക്കാൻ തുടങ്ങി. ഇതിനൊടുവിലാണ് വാതിലുകളും ജനലുകളും തകർത്ത് തടവുകാർ പുറത്തിറങ്ങി രക്ഷപ്പെട്ടത്. ജയിൽ തകർന്നുവീഴുമെന്ന് പേടിച്ച് തടവുപുള്ളികൾ സെല്ലുകളിലും ബാരക്കുകളിലും കിടന്ന് നിലവിളിക്കുകയായിരുന്നു എന്ന് ജയിൽ സൂപ്രണ്ട് ബിബിസിയോട് വിശദീകരിച്ചു. അതേസമയം സംഭവം സുരക്ഷാ വീഴ്ചയല്ലെന്നും പ്രകൃതി ദുരന്തത്തിൽ സംഭവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ പൊലീസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. ജയിലിൽ നിന്ന് ആളുകൾ രക്ഷപ്പെട്ട് ഓടുന്നതിനിടെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഒരു തടവുകാരൻ തിരക്കിനിടെ കൊല്ലപ്പെട്ടതായും രണ്ട് ജയിൽ ജീവനക്കാർക്ക് പരിക്കുണ്ടെന്നും അറിയിച്ചിട്ടുണ്ട്. രക്ഷപ്പെട്ടവരിൽ 80 തടവുകാരെ ഇതിനോടകം പിടികൂടാൻ സാധിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ട്. ഇനിയും 130ലേറെ പേരെ കണ്ടെത്തിയിട്ടില്ല.
ഓടിപ്പോയ ജയിൽപുള്ളികൾ സ്വമേധയാ തിരിച്ചെത്തിയാൽ ശിക്ഷാ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാഉൽ ഹസൻ പറഞ്ഞു. മറിച്ച് പൊലീസ് പിടികൂടിയാൽ തീവ്രവാദ വിരുദ്ധ നിയമം അനുസരിച്ച് വിചാരണ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ തടവുകാരുടെയും വീടുകളിലെത്തി ആളുകളെ തെരയുകയാണ് ഇപ്പോൾ പൊലീസ്. സമുദ്രാതിർത്തി ലംഘിച്ചെന്നും മറ്റും ആരോപിച്ച് പാകിസ്ഥാൻ പിടികൂടിയ നൂറിലധികം ഇന്ത്യക്കാരും ഈ ജയിലിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam