
ദില്ലി : പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 5,000 റോക്കറ്റുകൾ 20 മിനിറ്റിൽ തൊടുത്തുവെന്നാണ് ഹമാസ് അവകാശവാദം. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇസ്രായേലിന് ഉളളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. പിന്നാലെ യന്ത്ര തോക്കുകളുമായി അതിർത്തി കടന്ന് ഇസ്രയേലിനുള്ളിൽ കടന്ന ഹമാസ് സായുധ സംഘം വെടിവെപ്പും നടത്തി. തെരുവിലൂടെ വെടിവെപ്പ് നടത്തുന്ന ഹമാസ് ആയുധസംഘത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ തിരിച്ചടിച്ച് തുടങ്ങി. ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് വീഡിയോ പുറത്ത് വിട്ട ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ, യുദ്ധം തുടങ്ങിയെന്നും നമ്മൾ ജയിക്കുമെന്നും ഹമാസിന് തിരിച്ചടി ലഭിക്കുമെന്നുംരാജ്യത്തെ അറിയിച്ചു. പിന്നാലെ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം ആരംഭിച്ചു. ഇസ്രായേലിനെതിരെ യുദ്ധപ്രഖ്യാപനത്തിലൂടെ ഹമാസ് വലിയതെറ്റ് ചെയ്തുവെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി യോവ് ഗാലന്റും പ്രതികരിച്ചു.
ഇസ്രയേലിന് ഇന്ത്യയുടെ ഐക്യദാർഢ്യം
ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് ഇന്ത്യയുടെ ഐക്യദാർഢ്യം. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തെ തീവ്രവാദി ആക്രമണമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, ഞെട്ടിപ്പിക്കുന്നതെന്നും ദുർഘട സമയത്ത് ഇസ്രായേലിനൊപ്പം നില്ക്കുന്നുവെന്നും വ്യക്തമാക്കി.
'ഇസ്രായേലിലെ തീവ്രവാദി ആക്രമണം ഞെട്ടിക്കുന്നു. ആക്രമണത്തിന് ഇരയായവർക്കും കുടുംബത്തിനും ഒപ്പമുണ്ട്. ഈ ദുർഘടമായ ഘട്ടത്തിൽ ഇസ്രായേലിന് ഒപ്പം നിൽക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. നേരത്തെ യുറേപ്യൻ രാജ്യങ്ങളും അമേരിക്കയും ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ
ഹമാസിന്റെ വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ സ്ഥിതി ഗുരുതരമെന്ന് മലയാളികൾ. ഭൂരിഭാഗം പേരും ബങ്കറുകളിൽ അഭയം തേടി. സമീപകാലത്തെങ്ങുമുണ്ടാകാത്ത രീതിയിലുള്ള ആക്രമണമാണുണ്ടായതെന്നും ബങ്കറിൽ തന്നെ കഴിയുന്നതിനാണ് നിർദ്ദേശം ലഭിച്ചതെന്നും മലയാളികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. വീടിന് പുറത്തിറങ്ങരുതെന്നാണ് തെക്കൻ ഇസ്രായേൽ മേഖലയിലുള്ള ജനങ്ങൾക്കുള്ള നിർദ്ദേശം.
ബങ്കറുകളിൽ അഭയം തേടി ഇസ്രായേലിലെ മലയാളികൾ; ഗുരുതര സാഹചര്യം, ആശങ്ക; എംബസി മുന്നറിയിപ്പ്
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടലിന്റെ സാഹചര്യത്തിൽ ഇസ്രായേലിലുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരന്മാർ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലിലെ ഇന്ത്യൻ എംബസി നിര്‍ദ്ദേശിച്ചു. ഹെല്‍പ് ലൈന്‍ നമ്പര്‍ +97235226748.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam