
ഒഹിയോ: പിറന്നത് ഹൃദയ സംബന്ധിയായ തകരാറുമായി. ആശുപത്രി വിടാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെ നഴ്സിന്റെ അശ്രദ്ധയിൽ പിഞ്ഞുകുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ കൊളംബസിലെ കുട്ടികളുടെ ആശുപത്രിയിലാണ് ഡ്യൂട്ടി നഴ്സിന്റെ അശ്രദ്ധ ജനിച്ച് 27 ദിവസം മാത്രമായ കുഞ്ഞ് മരണപ്പെട്ടത്. കാർഡിയോമയോപതി എന്ന അവസ്ഥയുമായാണ് ഇലിയാന ജെ പീറ്റൺ പിറന്നത്. ഹൃദയത്തിന്റെ ഇടത് ഭാഗത്തെ അറയ്ക്ക് ആവശ്യമായ വലുപ്പമില്ലാതിരുന്നതിനാൽ ജനിച്ച സമയം മുതൽ എൻഐസിയുവിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്.
ആശുപത്രി മുറിക്ക് പുറത്ത് കണ്ണ് തെറ്റാതെ കാവലിരുന്ന മാതാപിതാക്കൾ വീട് വരെ പോയ സമയത്താണ് ഡ്യൂട്ടി നഴ്സിന് പിഴവ് സംഭവിക്കുന്നത്. കുട്ടിയുടെ ശരീരവുമായി ബന്ധിപ്പിച്ചിരുന്ന ജീവൻ രക്ഷാ ഉപകരണങ്ങളുടെ വയർ നഴ്സ് നടന്നപ്പോൾ കുടുങ്ങുകയും കുട്ടി കിടത്തിയിരുന്ന സ്ഥലത്ത് നിന്ന് നിലത്ത് വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കേറ്റ പരിക്കാണ് നവജാത ശിശുവിന്റെ ജീവനെടുത്തത്. ആശുപത്രി വിടാൻ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്.
ജീവൻ രക്ഷാ ഉപകരണങ്ങളുടെ വയർ ധരിച്ചിരുന്ന കോട്ടിന്റെ പോക്കറ്റിൽ വച്ചത് ശ്രദ്ധിക്കാതെ നഴ്സ് നടന്ന് നീങ്ങിയതാണ് അപകടത്തിന് കാരണമായതെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. ജീവിതത്തിലേക്ക് എത്താൻ 20 ശതമാനം മാത്രം സാധ്യതയുണ്ടായിരുന്ന കുഞ്ഞിനെ അലക്ഷ്യമായി ആശുപത്രി ജീവനക്കാർ കൈകാര്യം ചെയ്തെന്നാണ് മാതാപിതാക്കളായ മക്കെൻസിയും ടെയ്ലർ പീറ്റണും ആരോപിക്കുന്നത്. തലയോട്ടിക്ക് വീഴ്ചയിൽ ഏറ്റ പൊട്ടലും പിന്നാലെയുണ്ടായ രക്തസ്രാവവുമാണ് പിഞ്ചുകുഞ്ഞിന്റെ മരണകാരണമായത്. രോഗിയുടെ സ്വകാര്യത പരിഗണിച്ച് വിവരങ്ങൾ പങ്കുവയ്ക്കാൻ സാധിക്കില്ലെന്നാണ് ആശുപത്രി മാധ്യമങ്ങൾ വിഷയത്തിൽ പ്രതികരണം തേടിയ അന്തർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam