
വെല്ലിംഗ്ടൺ: ബസിലെ ലഗേജ് ക്യാരിയറിൽ നിന്ന് കുഞ്ഞിന്റെ നിലവിളി. പരിശോധിച്ചപ്പോൾ കണ്ടെത്തിയത് രണ്ട് വയസുകാരിയെ. പിന്നാലെ അമ്മ അറസ്റ്റിൽ. ന്യൂസിലാൻഡിൽ ഞായറാഴ്ചയാണ് സംഭവം. വടക്കൻ ഓക്ലാൻഡിലാണ് സംഭവം. 27കാരിയായ അമ്മയാണ് കുഞ്ഞിനെ ബസിന്റെ ലഗേജ് ക്യാബിനിൽ ബാഗിനുള്ളിലാക്കി വച്ചത്. ന്യൂസിലാൻഡിലെ ദേശീയ പാതകളിൽ നഗരങ്ങൾക്കിടയിലെ സർവ്വീസ് നടത്തുന്ന ബസിലാണ് ക്രൂരമായ സംഭവം നടന്നത്.
ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരൻ ഇറങ്ങാൻ സമയത്ത് ലഗേജ് എടുത്ത് നൽകാനായി ക്യാബിൻ തുറന്ന സമയത്താണ് യാത്രക്കാരുടെ ലഗേജുകൾക്കിടയിൽ നിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടത്. പിന്നാലെ ബാഗുകൾ പരിശോധിച്ചപ്പോഴാണ് രണ്ട് വയസുകാരിയെ ബാഗിൽ നിന്ന് ജീവനോടെ കണ്ടെത്തിയത്. ശരീരത്ത് മറ്റ് മുറിവുകൾ ഇല്ലെങ്കിലും കടുത്ത ചൂടിൽ അസ്വസ്ഥയായ നിലയിലായിരുന്നു രണ്ട് വയസുകാരിയെ കണ്ടെത്തിയത്. പിന്നാലെ ബസ് ജീവനക്കാർ പൊലീസ് പട്രോൾ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. എത്ര നേരമാണ് കുട്ടി ഇത്തരത്തിൽ ബാഗേജ് ക്യാബിനിൽ കഴിഞ്ഞതെന്ന് ഇനിയും വ്യക്തമായിട്ടില്ല.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം ശ്രദ്ധിക്കുന്നത്. പിന്നാലെ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഇതിന് പിന്നാലെയാണ് രണ്ട് വയസുകാരിയുടെ അമ്മയെ കുട്ടികളോടുള്ള അശ്രദ്ധയുടെ പേരിൽ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് പൊലീസ് പുറത്ത് വിട്ടിട്ടില്ല. ഇന്റർ സിറ്റി എന്ന ബസ് കമ്പനിയുടെ ബസിലാണ് സംഭവമുണ്ടായത്. മൂന്ന് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ടിക്കറ്റില്ലാതെ തന്നെ യാത്ര ചെയ്യാൻ സാധിക്കുമെന്നിരിക്കെയാണ് അപകടകരമായ രീതിയിലുള്ള പ്രവർത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam