
ജറുസലേം: ഇസ്രയേൽ മന്ത്രി ജറുസലേമിലെ അൽ അഖ്സ പള്ളി വളപ്പിൽ പ്രവേശിച്ച് ജൂത വിശ്വാസ പ്രകാരമുള്ള ആരാധന നടത്തിയതിനെതിരെ പ്രതിഷേധം. ദശാംബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രാർത്ഥന നടത്തിയത്. പശ്ചിമേഷ്യയിലെ ഏറ്റവും സെൻസിറ്റീവായ സ്ഥലങ്ങളിലൊന്നാണിത്. ഗാസ കീഴടക്കാനും പലസ്തീനികളെ പ്രദേശം വിട്ടുപോകാൻ പ്രോത്സാഹിപ്പിക്കാനും ബെൻ ഗ്വിർ ആഹ്വാനം ചെയ്തു. ജോർദാൻ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ച് രംഗത്തെത്തി.
ഞായറാഴ്ചയാണ് തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ജറുസലേമിലെ അൽ അഖ്സ പള്ളി വളപ്പിൽ എത്തിയത്. ഇസ്രയേലി സൈന്യത്തിന്റെ സംരക്ഷണയിൽ നൂറു കണക്കിന് ആളുകളോടൊപ്പം മന്ത്രി അവിടെ പ്രാർത്ഥിച്ചെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ജൂത ആരാധനാലയങ്ങൾ തകർക്കപ്പെട്ടതിന്റെ ഓർമ്മയിൽ ദുഃഖാചരണം നടത്തുന്ന ടിഷാ ബിഅവ് ദിനത്തിലായിരുന്നു പ്രാർത്ഥന.
ഹമാസിനെതിരായ ഇസ്രയേലിന്റെ വിജയത്തിനും ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ മോചനത്തിനും വേണ്ടി പ്രാർത്ഥിച്ചെന്ന് ബെൻ ഗ്വിർ പറഞ്ഞു- "ഗാസ മുനമ്പ് മുഴുവൻ കീഴടക്കുക, ഓരോ ഹമാസ് അംഗത്തെയും ഇല്ലാതാക്കുക, സ്വമേധയായുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുക. ഇങ്ങനെ മാത്രമേ നമുക്ക് ബന്ദികളെ തിരികെ കൊണ്ടുവരാനും യുദ്ധത്തിൽ വിജയിക്കാനും കഴിയൂ" എന്നാണ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ മന്ത്രി പറഞ്ഞത്.
ബെൻ ഗ്വിറിന്‍റെ പള്ളി വളപ്പിലെ പ്രാർത്ഥന പ്രകോപനപരമാണെന്നും വർഷങ്ങളായി നിലനിൽക്കുന്ന കരാറിന്‍റെ ലംഘനമാണെന്നും വിമർശനം ഉയർന്നു. എല്ലാ അതിരുകളും ലംഘിച്ചു എന്നാണ് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ വക്താവ് പ്രതികരിച്ചത്. പലസ്തീൻ ജനതയ്ക്കെതികരായ കടുത്ത ആക്രമണമാണിതെന്ന് ഹമാസ് പ്രതികരിച്ചു. അന്താരാഷ്ട്ര നിയമത്തിന്‍റെ നഗ്നമായ ലംഘനം എന്നാണ് ജോർദാന്‍ അഭിപ്രായപ്പെട്ടത്. സംഘർഷത്തിൽ എണ്ണയൊഴിക്കുകയാണ് ഇസ്രയേലി മന്ത്രിയെന്ന് സൗദി വിദേശകാര്യ മന്ത്രാലയം എക്സിൽ പ്രസ്താവനയിൽ പറഞ്ഞു.
1967ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന് ശേഷം, അൽ അഖ്സയുടെ കോമ്പൗണ്ടിനുള്ളിലെ കാര്യങ്ങൾ ജോർദാൻ നിയന്ത്രിക്കുമെന്നും ബാഹ്യ സുരക്ഷ ഇസ്രയേലിന്റെ ഉത്തരവാദിത്തമായിരിക്കുമെന്നും തീരുമാനിച്ചു. സന്ദർശന സമയങ്ങളിൽ എല്ലാവർക്കും ഇവിടെ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും ഇതര മത ആരാധനയ്ക്ക് അനുവാദമില്ല.