അഫ്ഗാനിസ്ഥാനില്‍ ബസിന് നേരെ ബോംബാക്രമണം; കുട്ടികളടക്കം 28 മരണം

By Web TeamFirst Published Jul 31, 2019, 1:10 PM IST
Highlights

താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അതേ സമയം, താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. 

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ യാത്രാ ബസിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് ആക്രമണമുണ്ടായത്. കാണ്ഡഹാര്‍-ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 

28 പേര്‍ കൊല്ലപ്പെട്ടെന്നും 10 പേര്‍ക്ക് പരിക്കേറ്റെന്നും ഫറാ പ്രവിശ്യ വക്താവ് മുഹിബുള്ള മുഹീബ് പറഞ്ഞു. അതേ സമയം, താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തില്‍ കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വര്‍ധിക്കുകയാണെന്ന യുഎന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം. അഫ്ഗാനിസ്ഥാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണങ്ങള്‍ വര്‍ധിച്ചത്. ഞായറാഴ്ച നടന്ന ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

click me!