
നെർജ(സ്പെയിൻ): സുഹൃത്തിന്റെ വിവാഹത്തിനെത്തി കുളിമുറിയിലെ മെഴുകുതിരിയിൽ നിന്ന് വസ്ത്രത്തിലേക്ക് തീ പടർന്ന് പൊള്ളലേറ്റ് യുവതി ചികിത്സയിൽ. സ്പെയിനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ നെർജയിലാണ് സംഭവം. അയർലാൻഡ് സ്വദേശിനിയായ 29കാരിക്കാണ് ഗുരുതരമായി പൊള്ളലേറ്റിരിക്കുന്നത്. വിവാഹ വിരുന്നിന് മുന്നോടിയായി താമസിച്ചിരുന്ന അതിഥി മന്ദിരത്തിലെ കുളിമുറിയിലാണ് അപകടമുണ്ടായത്. കുളിമുറിയിൽ നിന്ന് വലിയ രീതിയിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വിവാഹത്തിനെത്തിയ മറ്റുള്ളവരാണ് അപകടം പൊലീസിനെ അറിയിച്ചത്.
പൊലീസ് എത്തിയപ്പോഴേയ്ക്കും പൊള്ളലേറ്റ് യുവതി അബോധാവസ്ഥയിലായിരുന്നു. നെർജയിലെ ഈസ്റ്റേൺ കോസ്റ്റ ഡേൽ സോൾ റിസോട്ടിൽ വച്ചാണ് അപകടമുണ്ടായത്. മാലഗയിലെ ആശുപത്രിയിലാണ് യുവതിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവിടെ നിന്ന് പരിക്ക് ഗുരുതരമാണെന്ന് കണ്ടതോടെ സെവില്ലേയിലെ പൊള്ളൽ ചികിത്സാ വിഭാഗത്തിലേക്ക് യുവതിയെ മാറ്റിയിരിക്കുകയാണ്.
ഡെസ്റ്റിനേഷൻ വെഡിംഗ് പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ബാൽകൺ ഡേ യൂറോപായിൽ വച്ചായിരുന്നു യുവതിയുടെ സുഹൃത്തിന്റെ വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ അപാർട്ട്മെന്റിലെ ടെറസിൽ പാർട്ടി നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. യുവതിയുടെ പരിക്കിനേക്കുറിച്ച് നിലവിൽ പ്രതികരിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നാണ് ഡോക്ടർമാർ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam