
ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പതനത്തിന് ശേഷം നടന്ന ആദ്യ വോട്ടെടുപ്പിൽ തകർപ്പൻ വിജയം നേടിയിരിക്കുകയാണ് തരീഖ് റഹ്മാന്റെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി. തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ട് പിന്നീട് മുഹമ്മദ് യൂനുസി ന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം മോചിപ്പിച്ച മൂന്ന് പേരും ഉൾപ്പെടും. ലുത്ഫോസ്സമാൻ ബാബർ, അബ്ദുസ് സലാം പിന്റു, എടിഎം അസ്ഹറുൽ ഇസ്ലാം എന്നിവരാണ് കുറ്റവിമുക്തരാക്കപ്പെട്ട ശേഷം തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച മൂന്ന് പേർ.
2004 ൽ ഷെയ്ഖ് ഹസീനയെ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നേതാവാണ് ലുത്ഫോസ്സമാൻ ബാബർ. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇയാളെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതും 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചതും.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളിയാണ് അബ്ദുസ് സലാം പിന്റുവിന്റെ വിജയം. വാരണാസി (2006), ഡൽഹി (2011) എന്നിവിടങ്ങളിൽ നടന്ന സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച പാക് ഭീകരസംഘടനയായ ഹർക്കത്ത്-ഉൽ-ജിഹാദ്-അൽ-ഇസ്ലാമിക്ക് സഹായം നൽകിയെന്നതാണ് ഇയാൾക്കെതിരെയുള്ള ഇന്ത്യയുടെ ആരോപണം. രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പിന്റു വിജയിച്ചത്.
1971-ലെ വിമോചന യുദ്ധകാലത്ത് 1,200-ഓളം പേരെ കൊലപ്പെടുത്തിയതിനും 13 ബലാത്സംഗക്കേസുകളിലും പ്രതിയായ എടിഎം അസ്ഹറുൽ ഇസ്ലാമിന് 2014-ൽ കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ യൂനസ് സർക്കാർ ഇയാളെയും കുറ്റവിമുക്തനാക്കി. തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഇയാളും പാർലമെന്റിലെത്തും.
മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് വിരാമമിട്ട് തരീഖ് റഹ്മാൻ അധികാരമേൽക്കുമ്പോൾ ഇന്ത്യ ശുഭാപ്തിവിശ്വാസത്തിലാണ്'. മുൻകാലങ്ങളിൽ സർക്കാരുകളുമായി ഭിന്നതകളുണ്ടായിരുന്നെങ്കിലും, നിലവിലെ സാമ്പത്തിക യാഥാർത്ഥ്യങ്ങളും പ്രാദേശിക സ്ഥിരതയും കണക്കിലെടുത്ത് തരീഖ് റഹ്മാൻ കൂടുതൽ പ്രായോഗികമായ നിലപാടുകൾ സ്വീകരിക്കുമെന്നാണ് ഇന്ത്യ കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam