
ഷാർജ: ഷാർജയിലെ നാല് പ്രധാന പുരാവസ്തു കേന്ദ്രങ്ങളെ കൂടി ഇസ്ലാമിക് വേൾഡ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ISESCO) ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ ഉൾപ്പെടുത്തി. ഷാർജ പുരാവസ്തു അതോറിറ്റിയാണ് ഈ സുപ്രധാന നേട്ടം പ്രഖ്യാപിച്ചത്. ഇതോടെ ഷാർജയിൽ നിന്ന് ഈ പട്ടികയിൽ ഇടംപിടിച്ച ചരിത്ര കേന്ദ്രങ്ങളുടെ എണ്ണം പത്തായി ഉയർന്നു.
വാദി അൽ ഹെലോ (Wadi Al Helou): വെങ്കലയുഗത്തിലെ ചെമ്പ് ഖനനത്തിന്റെയും സംസ്‌കരണത്തിന്റെയും തെളിവുകൾ ഇന്നും നിലനിൽക്കുന്ന ഇടമാണിത്. പുരാതന കാലത്തെ ലോഹനിർമ്മാണ രീതികളുടെയും വ്യാപാരത്തിന്റെയും കേന്ദ്രമായി ഇത് കണക്കാക്കപ്പെടുന്നു.
അൽ ഫായ (Al Faya): ഏകദേശം 2,10,000 വർഷങ്ങൾക്ക് മുമ്പുള്ള മനുഷ്യവാസത്തിന്റെ അടയാളങ്ങൾ ഇവിടെയുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള ആദിമ മനുഷ്യരുടെ പലായനത്തെക്കുറിച്ചും മരുഭൂമിയിലെ ജീവിത സാഹചര്യങ്ങളുമായുള്ള അവരുടെ പൊരുത്തപ്പെടലിനെക്കുറിച്ചും ശാസ്ത്രീയ തെളിവുകൾ നൽകുന്ന ആഗോള പ്രാധാന്യമുള്ള ഇടമാണിത്.
അൽ നഹ്‌വ (Al Nahwa): പർവ്വത പ്രദേശങ്ങളിലെ പുരാതന ജീവിതശൈലി വിളിച്ചോതുന്ന ചരിത്ര മേഖലയാണിത്. പുരാതന ശിലാനിർമ്മിത വീടുകൾ, പള്ളി, ശ്മശാനം, വാച്ച് ടവറുകൾ എന്നിവ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
ഖോർഫക്കാൻ കോട്ടകളും ഗോപുരങ്ങളും: ഖോർഫക്കാൻ നഗരത്തെയും തുറമുഖത്തെയും സംരക്ഷിച്ചിരുന്ന പ്രതിരോധ സംവിധാനങ്ങളാണിത്. ഖോർഫക്കാൻ കോട്ട, പോർച്ചുഗീസ് കോട്ട, അൽ റാബി, അൽ അദ്‌വാനി ഗോപുരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാംസ്‌കാരിക ദർശനത്തിന്റെയും പിന്തുണയുടെയും ഫലമാണ് ഈ നേട്ടമെന്ന് ഷാർജ പുരാവസ്തു അതോറിറ്റി ഡയറക്ടർ ജനറൽ ഈസ യൂസഫ് പറഞ്ഞു. പുരാവസ്തു പൈതൃകം സംരക്ഷിക്കുന്നതിലൂടെ ചരിത്ര മൂല്യങ്ങൾ വരുംതലമുറയ്ക്കായി നിലനിർത്താനാണ് ഷാർജ ലക്ഷ്യമിടുന്നത്. ഈ അംഗീകാരം ലഭിച്ചതോടെ ഷാർജയിലെ സാംസ്‌കാരിക ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുമെന്നും ഗവേഷണ പഠനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam