
ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് ഏറ്റവും അത്യാവശ്യമായ രേഖയാണ് പാസ്പോർട്ട് എന്ന കാര്യം എല്ലാവർക്കും അറിയാം. എന്നാൽ, ലോകത്ത് പാസ്പോർട്ട് ഇല്ലാതെ ഏതു രാജ്യത്തേക്കും യാത്ര ചെയ്യാൻ കഴിയുന്ന വ്യക്തികളുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സംഭവം സത്യമാണ്. ലോകത്ത് മൂന്ന് വ്യക്തികൾക്ക് മാത്രമാണ് പാസ്പോർട്ട് ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുക. അവർ ആരൊക്കെയാണെന്ന് നോക്കാം.
ബ്രിട്ടീഷ് രാജാവ് എന്ന നിലയിൽ ചാൾസ് മൂന്നാമന് അന്താരാഷ്ട്ര യാത്രകൾ നടത്താൻ പാസ്പോർട്ടിന്റെ ആവശ്യമില്ല. കാരണം, ബ്രിട്ടീഷ് പാസ്പോർട്ടുകൾ നൽകുന്നത് തന്നെ രാജാവിന്റെ പേരിലാണ്. അതിനാൽ, ബ്രിട്ടീഷ് രാജാവിന് സ്വന്തം പേരിൽ ഒരു രേഖ നൽകേണ്ട ആവശ്യമില്ല. രാജാവ് യാത്ര ചെയ്യുമ്പോൾ പാസ്പോർട്ടിന് പകരമായി അദ്ദേഹത്തിൻ്റെ പേരിൽ നൽകുന്ന ഒരു ഔപചാരിക രേഖയാണ് ഉപയോഗിക്കുന്നത്. രാജാവിന് യാത്രാ സൗകര്യവും സംരക്ഷണവും നൽകണമെന്ന് ഈ രേഖയിലുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പദവി മറ്റ് രാജകുടുംബാംഗങ്ങൾക്ക് ലഭ്യമല്ല. ചാൾസ് മൂന്നാമൻ രാജാവിനു മുമ്പ് എലിസബത്ത് രാജ്ഞിക്കായിരുന്നു ഈ സൗകര്യം ഉണ്ടായിരുന്നത്.
ജപ്പാൻ ഭരണഘടനയിലെ ആർട്ടിക്കിൾ 1 പ്രകാരം ചക്രവർത്തിയെ 'രാഷ്ട്രത്തിന്റെയും ജനങ്ങളുടെ ഐക്യത്തിന്റെയും പ്രതീകം' എന്നാണ് നിർവചിച്ചിരിക്കുന്നത്. ജപ്പാനിലെ ജനങ്ങൾ ചക്രവർത്തിയെ ഒരു ജീവിക്കുന്ന ദേശീയ ചിഹ്നമായാണ് കണക്കാക്കുന്നത്. ചക്രവർത്തിയും പത്നിയും സാധാരണ പൗരന്മാർക്ക് ബാധകമായ നടപടിക്രമങ്ങൾക്ക് വിധേയരാകുന്നില്ല. ജപ്പാൻ വിദേശകാര്യ മന്ത്രാലയം ചക്രവർത്തിയുടെ വിദേശ സന്ദർശനങ്ങൾ സുഗമമാക്കുന്നതിനായി ആതിഥേയ രാജ്യങ്ങൾക്ക് ഔദ്യോഗികമായി അറിയിപ്പുകൾ നൽകും. ചക്രവർത്തിയും പത്നിയും സംസ്ഥാന സന്ദർശനങ്ങൾ നടത്തുമ്പോൾ നയതന്ത്ര മാർഗങ്ങളിലൂടെയാണ് അവരുടെ യാത്രകൾ ക്രമീകരിക്കുന്നത്.
ജപ്പാനിലെ ചക്രവർത്തിയുടെ പത്നി എന്ന നിലയിൽ ജപ്പാൻ ചക്രവർത്തിനിക്കും അന്താരാഷ്ട്ര യാത്രകളിൽ പാസ്പോർട്ട് കൈവശം വെയ്ക്കേണ്ടതില്ല. സാമ്രാജ്യത്വത്തിന്റെ പാരമ്പര്യവും അവരുടെ ഔദ്യോഗിക പങ്കും കാരണമാണിത്. ജാപ്പനീസ് ചക്രവർത്തിമാർക്കും ചക്രവർത്തിനിമാർക്കും ബ്രിട്ടീഷ് രാജാവിനും പാസ്‌പോർട്ടില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നത് അവരുടെ രാജ്യങ്ങളുടെ ഭരണഘടനകൾ അനുസരിച്ചുള്ള അതുല്യമായ സ്ഥാനങ്ങൾ കാരണമാണ്.