
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയില്‍ റോക്കറ്റാക്രമണം. യുഎസ് എംബസി അടക്കം സ്ഥിതി ചെയ്യുന്ന ഗ്രീന്‍ സോണിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത് എന്നാണ് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളെ ഇത്തരം ആക്രമണത്തിന് കാരണം എന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു.
ഇറാന്‍ സൈനിക ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമത്തിലൂടെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാഖില്‍ സംഘര്‍ഷാവസ്ഥ വര്‍ദ്ധിക്കുകയാണ്. രാജ്യവ്യാപകമായി ഇറാഖ് സര്‍ക്കാറിനെതിരെ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ സമരങ്ങള്‍ ഈ കൊലപാതകത്തോടെ വീണ്ടും സജീവമായിട്ടുണ്ട്. തിങ്കളാഴ്ച ഇറാഖ് സര്‍ക്കാര്‍ പരിഷ്കരണ നീക്കത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി വിവിധ ഇറാഖ് നഗരങ്ങളിലായി അഞ്ച് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam