
കാബൂൾ: വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ നടന്ന ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഭീരകസംഘടനയായ ഐഎസ് ഏറ്റെടുത്തു. നാല് സ്ഫോടനങ്ങളിലായി 31 പേർ കൊല്ലപ്പെടുകയും 87 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിയാ വിഭാഗത്തിന്റെ പള്ളിയായ മസാർ-ഇ-ഷരീഫിലാണ് വലിയ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റമദാൻ മാസത്തിലും രാജ്യത്ത് ഭീകരർ സാധാരണക്കാർക്കുനേരെ അക്രമം അഴിച്ചുവിടുകയാണെന്ന് താലിബാൻ പറഞ്ഞു. കാബൂൾ, ബാൽഖ്, കുന്ദൂസ് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനങ്ങളെ താലിബാൻ അപലപിച്ചു.
അഫ്ഗാനിലെ ഷിയാ വിഭാഗത്തിന് നേരെ അക്രമങ്ങൾ വർധിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച കാബൂളിലെസ്കൂളിന് പുറത്ത് രണ്ട് സ്ഫോടനങ്ങളിൽആറ് പേർ കൊല്ലപ്പെട്ടിരുന്നു. അധികാരം പിടിച്ചെടുത്തതിന് ശേഷം കിഴക്കൻ നംഗർഹാർ പ്രവിശ്യയിലെ ഐഎസ് ഒളിത്താവളങ്ങളിൽ താലിബാൻ റെയ്ഡ് നടത്തിയിരുന്നു. ഐഎസിനെ പരാജയപ്പെടുത്തിയെന്ന് താലിബാൻ ഉദ്യോഗസ്ഥർ അവകാശവാദമുന്നയിക്കുന്നുണ്ടെങ്കിലും രാജ്യത്ത് സ്ഫോടനങ്ങൾ തുടർക്കഥയാകുകയാണ്. ഐഎസ് ഗ്രൂപ്പാണ് പ്രധാന സുരക്ഷാ വെല്ലുവിളിയെന്ന് താലിബാൻ പറയുന്നു.
സൗദിയിൽ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു
റിയാദ്: സൗദിയിൽ ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. ജിദ്ദ-മദീന റോഡിൽ മദീനക്കെത്തുന്നതിന് 100 കിലോമീറ്റർ മുമ്പ് ഹിജർ എന്ന സ്ഥലത്താണ് ബസ് അപകടത്തിൽപ്പെട്ടത്. എട്ട് പേർ മരിച്ചതിന് പുറമെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
പലരുടെയും പരിക്ക് ഗുരുതരമാണെന്ന് റോഡ് സുരക്ഷാ വിഭാഗം അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നവർ ഏതു രാജ്യക്കാരാണെന്നോ മറ്റോ ഉള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam