
നിയാമേ: നൈജറിലെ ഏറ്റവും വലിയ വിമാനത്താവളത്തിലുണ്ടായ വെടിവയ്പിൽ 35പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ചയാണ് നെജറിന്റെ തലസ്ഥാനമായ നിയാമേയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളത്തിനും അതിനോട് ചേർന്നുള്ള സൈനിക താവളത്തിനും നേരെ സായുധ ആക്രമണമുണ്ടായത്. 11 സൈനികരും രണ്ട് സാധാരണക്കാരും പ്രത്യാക്രമണത്തിൽ 22 അക്രമികളുമാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി നൈജർ പ്രതിരോധ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെഎൻഐഎം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ പ്രാദേശിക സമയം രാവിലെ 6 മണിയോടെയാണ് വൻ സ്ഫോടനങ്ങളോടെ വിമാനത്താവള പരിസരത്ത് ആക്രമണം ആരംഭിച്ചത്. രണ്ട് വെള്ള കാറുകളിലും ഒരു വാനിലുമായി എത്തിയ അക്രമികളിൽ വിമാനത്താവളത്തിലേക്ക് എത്തിയത്. അക്രമികളിൽ ചിലർ ബെൽറ്റ് ബോംബുകൾ ധരിച്ചിരുന്നു. ടാക്സിയിലെത്തിയ അക്രമികൾ വിമാനത്താവളത്തിന് ഏതാനും നൂറ് മീറ്റർ അകലെയുള്ള പ്രധാന സുരക്ഷാ ചെക്ക്‌പോസ്റ്റിലാണ് ആദ്യം ആക്രമണം അഴിച്ചുവിട്ടത്.
തുടർന്ന് വിമാനത്താവള ടെർമിനലിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ഭീകരരെ സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായി പ്രതിരോധിക്കുകയായിരുന്നു. ചില അക്രമികൾ വിമാനത്താവളത്തിന് സമീപമുള്ള കസ്റ്റംസ് കെട്ടിടത്തിൽ ഒളിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. സ്ഫോടനങ്ങൾക്ക് പിന്നാലെ വിമാനത്താവള പരിസരത്ത് രണ്ട് മണിക്കൂറോളം ശക്തമായ വെടിവെയ്പ്പ് തുടർന്നു. ആക്രമണത്തെത്തുടർന്ന് വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ സുരക്ഷാ സേന പൂർണ്ണമായും ഉപരോധിക്കുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുകയും ചെയ്തു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ അക്രമികൾ സമീപത്തെ ജനവാസ മേഖലകളിലേക്ക് ചിതറിയോടി. തുടർന്ന് സൈന്യം നടത്തിയ വ്യാപകമായ തിരച്ചിലിലാണ് മറ്റ് അക്രമികളെ വധിച്ചതും സംശയാസ്പദമായ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തതും. ഇവരിൽ നിന്ന് 7 ആർപിജി ലോഞ്ചറുകൾ, എകെ- 47 റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ, ഗ്രനേഡുകൾ, ആശയവിനിമയ ഉപകരണങ്ങൾ, ആയിരക്കണക്കിന് വെടിയുണ്ടകൾ എന്നിവയുൾപ്പെടെ വലിയൊരു ആയുധശേഖരമാണ് സൈന്യം പിടിച്ചെടുത്തത്.
വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടെങ്കിലും പിന്നീട് വ്യോമയാന മന്ത്രാലയം വിമാന സർവീസുകൾ സാധാരണ നിലയിലായതായി സ്ഥിരീകരിച്ചു.മാലി, ബുർക്കിനാ ഫാസോ എന്നീ അയൽരാജ്യങ്ങളെപ്പോലെ നൈജറും കഴിഞ്ഞ കുറച്ചുകാലമായി അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയ ഭീകരസംഘടനകളുടെ കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. ഈ വർഷം ജനുവരിയിലും ഇതേ വിമാനത്താവളത്തിന് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം നടത്തിയിരുന്നു. അന്ന് സൈനിക വിമാനങ്ങൾക്കും ഡ്രോൺ സംവിധാനങ്ങൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മേഖലയിലെ സുരക്ഷാ സഖ്യത്തിന്റെ പ്രധാന കേന്ദ്രമെന്ന നിലയിൽ തന്ത്രപ്രധാനമായ ഈ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് ജിഹാദി ഗ്രൂപ്പുകൾ നിരന്തരം ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത് എന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു. വ്യാഴാഴ്ച വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന് തൊട്ടുമുമ്പത്തെ ദിവസം പടിഞ്ഞാറൻ തില്ലാബേരി മേഖലയിലെ മറ്റ് രണ്ട് സൈനിക താവളങ്ങൾക്ക് നേരെയും ഭീകരർ ഏകോപിത ആക്രമണങ്ങൾ നടത്തിയിരുന്നു.
മേഖലയിലെ തന്ത്രപ്രധാനമായ ഈ വിമാനത്താവളം റഷ്യൻ സൈനിക വിഭാഗത്തിന്റെ സാന്നിധ്യമുള്ളതും ജിഹാദി ഗ്രൂപ്പുകൾക്കെതിരെ ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതുമായ പ്രധാന വ്യോമതാവളമാണ്. കൂടാതെ നൈജർ വിൽക്കാൻ ഉദ്ദേശിക്കുന്ന യുറേനിയം ശേഖരം സൂക്ഷിച്ചിരിക്കുന്നതും ഈ പരിസരത്തായതിനാൽ ഇത്തരമൊരു ആക്രമണം വലിയ രീതിയിലുള്ള പരിസ്ഥിതി ഭീഷണിക്ക് വരെ കാരണമായേക്കാമെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നത്. .
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam