35 തെഹ്‍രികെ താലിബാൻ ഭീകരരെ വധിച്ചെന്ന് പാക് സൈന്യം, 12 സൈനികരും കൊല്ലപ്പെട്ടു; അഫ്ഗാനെതിരെ ആരോപണം

Published : Sep 13, 2025, 07:04 PM IST
pakistan-army

Synopsis

പാകിസ്ഥാൻ സൈന്യവും തെഹ്‌രികെ താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലിൽ 35 ഭീകരരും 12 സൈനികരും കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിക്കു സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലാണ് ഓപ്പറേഷൻ നടന്നത്.

DID YOU KNOW ?
അഫ്ഗാനെതിരെ പാക് സൈന്യം
പാകിസ്ഥാനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് പാക് സൈന്യം

ഇസ്ലാമാബാദ്: ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനിൽ 12 സൈനികർ കൊല്ലപ്പെട്ടെന്നും പാകിസ്ഥാൻ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്‍രികെ താലിബാന്‍റെ (ടിടിപി) ഭീകരരെ വധിച്ചത്. അഫ്ഗാൻ അതിർത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്‍റെ മാധ്യമ വിഭാഗമായ ഇന്‍റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) അറിയിച്ചു.

ഓപ്പറേഷൻ രണ്ടിടത്ത്

വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിൽ നടത്തിയ ആദ്യ ഓപ്പറേഷനിൽ 22 തീവ്രവാദികൾ കൊല്ലപ്പെട്ടതായി പാക് സൈന്യം പറഞ്ഞു. തെക്കൻ വസീറിസ്ഥാൻ ജില്ലയിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ 13 പേർ കൂടി കൊല്ലപ്പെട്ടു. ഇവിടെ വച്ചാണ് 12 പാക് സൈനികർ കൊല്ലപ്പെട്ടത്. ഭീകരരിൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായി സൈന്യം പറഞ്ഞു. ഈ ഭീകര പ്രവർത്തനങ്ങളിൽ അഫ്ഗാനിൽ നിന്നുള്ളവർക്ക് പങ്കുണ്ടെന്ന് ഐഎസ്പിആർ ആരോപിച്ചു. 

അഫ്ഗാനെ കുറ്റപ്പെടുത്തി പാക് സൈന്യം

ഭീകരർ അഫ്ഗാൻ മണ്ണിൽ നിന്ന് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടത്തുന്നുവെന്നാണ് ആരോപണം. പാകിസ്ഥാനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് അഫ്ഗാനിലെ താലിബാൻ സർക്കാരിനോട് പാക് സൈന്യം അഭ്യർത്ഥിച്ചു. തെഹ്‍രികെ താലിബാനും അഫ്ഗാൻ താലിബാനും രണ്ട് സംഘടനകൾ ആണെങ്കിലും പരസ്പരം അടുത്ത ബന്ധം പുലർത്തുന്നുണ്ട്. 2021ൽ അഫ്ഗാൻ താലിബാൻ കാബൂളിൽ അധികാരം പിടിച്ചെടുത്തതോടെ ടിടിപി കൂടുതൽ കരുത്ത് നേടിയതായി വിലയിരുത്തപ്പെടുന്നു. പാക് താലിബാൻ നേതൃത്വത്തിലെ പലരും അഫ്ഗാനിസ്ഥാനിൽ അഭയം തേടുകയും ചെയ്തു. 2022 നവംബറിൽ ടിടിപി പാക് സർക്കാരുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതിനു ശേഷം, ആക്രമണങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു
ഡിസംബ‍ർ 10,11, കുറിച്ചുവെച്ചോളൂ! പാക്കിസ്ഥാൻ വിറയ്ക്കും, പാക് വ്യോമാതിർത്തിക്ക് തൊട്ടരികെ ഇന്ത്യൻ വ്യോമസേനയുടെ ശക്തി പ്രകടനം