
ലോകം ഉറ്റുനോക്കിയ ഒരു നിയമപോരാട്ടം നടന്നിരിക്കുകയാണ് ബ്രസീലിൽ. ബ്രസീലിന്റെ ചരിത്രത്തിൽ ആദ്യമായി ഭരണകൂട അട്ടിമറി ഗൂഢാലോചന കേസിൽ ഒരു മുൻ പ്രസിഡന്റിനെ കുറ്റക്കാരനെന്ന് വിധിച്ചിരിക്കുകയാണ് സുപ്രീം കോടതി. 2022ൽ ലുല സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ പ്രസിഡന്റ് ബൊൾസൊനാരോയ്ക്ക് എതിരെയാണ് വിധി. ഇതിനെ ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്നതിന് പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടതായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ ട്രംപിന്റെ ഇടപെടൽ. ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തിൽ ട്രംപിന് ഇടപെടാനാകുമോ എന്ന ചോദ്യം ഈ ഘട്ടത്തിൽ സ്വാഭാവികമായും ഉയരും. അത് എങ്ങനെയായിരുന്നു എന്ന് നോക്കാം.
ബ്രസീലിയൻ ട്രംപ് എന്നാണ് ബൊൽസൊനാരോയുടെ വിളിപ്പേര്. വിളിപ്പേര് പോലെത്തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്രണ്ടും അനുകൂലിയുമാണ് ബൊൽസൊനാരോ. തീവ്ര വലതുപക്ഷക്കാരനുമാണ്.
2022 ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ഇടത് നേതാവ് ലുല ഡ സിൽവ ജയിച്ചതോടെയാണ് എല്ലാത്തിന്റെയും തുടക്കം. ലുലയോട് തോറ്റ ബൊൽസൊനാരോ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തോൽവിക്ക് പിന്നാലെ 2023 ജനുവരി എട്ടിന് ബൊൾസൊനാരോ അനുകൂലികൾ ബ്രസീലിലെ സർക്കാർ ഓഫീസുകൾ ആക്രമിച്ചു. തുടർന്നാണ് അട്ടിമറി ആരോപിച്ച് കേസും വിചാരണയും നടന്നത്. ലുലയെയും സുപ്രീംകോടതി ജഡ്ജി അലക്സാണ്ടർ മൊറേസിനെയും സംഘം കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കണ്ടെത്തൽ.
ബൊൽസൊനാരോയ്ക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. 2020ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ ട്രംപ് കുറ്റവിമുക്തനായ അതേ സമയത്തായിരുന്നു ബൊൽസൊനാരോയെ കുടുക്കിയ നീക്കമുണ്ടായത്. തുടർന്നങ്ങോട്ട് ട്രംപിനെ പഠിക്കുകയും പകർത്തുകയുമായിരുന്നു ബൊൽസൊനാരോ. എന്തിനേറെ പറയണം, ബ്രസീലിലെ സർക്കാർ സ്ഥാപനങ്ങളിലേക്ക് ഇരച്ചെത്തിയ ആൾക്കൂട്ടം പോലും 2021ലെ കാപിറ്റോൾ കലാപത്തെ സ്മരിപ്പിക്കും വിധമായിരുന്നു.
ട്രംപ് നേരിട്ടതുപോലെയുള്ള നിയമ നടപടികളേ തനിക്കെതിരെയും ഉണ്ടാകുള്ളൂ എന്നായിരുന്നു ബൊൽസൊനാരോയുടെ പ്രതീക്ഷ. 2026ലെ ബ്രസീൽ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പൂർവാധികം ശക്തിയോടെ തിരിച്ചുവരാമെന്നും അദ്ദേഹം സ്വപ്നം കണ്ടു. എന്നാൽ സുപ്രീംകോടതിയുടെ നീക്കങ്ങൾ ബൊൽസൊനാരോയുടെ പ്രതീക്ഷകളെയൊന്നാതെ തകിടം മറിച്ചു. ബൊൽസൊനാരോ വിചാരണയ്ക്ക് വിധേയനാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കോടതി നിയമനടപടികളുമായി മുന്നോട്ട് പോയി. പ്രതിഭാഗം അഭിഭാഷകരുടെയടക്കം വാദങ്ങൾ കേട്ടു. ഇതോടെ രാജ്യത്ത് രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമായി. പിന്നീടങ്ങോട്ട് ബ്രസീൽ നിയമയുദ്ധങ്ങളുടെ അങ്കത്തട്ടായി. അച്ഛനുവേണ്ടി ട്രംപിനെ കൂട്ടുപിടിച്ച് മകൻ എഡ്വാർഡൊ ബൊൽസൊനാരോ കൂടി രംഗത്തെത്തിയതോടെ കോളം പൂർത്തിയായി.
മറ്റൊരു രാജ്യത്തിന്റെ നിയമനടപടികളിൽ അമേക്കൻ പ്രസിഡന്റിന് ഇടപെടാനാകുമോ എന്നത് അൽപം അവിശ്വസനീയമായ കാര്യമാണ്. ജൂലൈയിൽ ബ്രസീലിന് മേൽ 50 % തീരുവ വർധിപ്പിച്ചായിരുന്നു ട്രംപിന്റെ മറുപടി. ബൊൽസൊനാരോയെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ബ്രസീൽ സർക്കാരിനോട് ട്രംപ് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ബ്രസീലിൽ ഇത് ബൊൽസൊനാരോ അണികളെപ്പോലും സന്തോഷിപ്പിച്ചില്ല എന്നതാണ് വസ്തുത. അടുത്ത സഖ്യകക്ഷികൾ പോലും എഡ്വേർഡോ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് പരസ്യമായി അപലപിച്ചു.
പിന്നെയങ്ങോട്ട് താരിഫ് യുദ്ധം ആരംഭിച്ചു. പ്രസിഡന്റ് ലുല വെല്ലുവിളി ഏറ്റെടുത്തു. ബ്രസീലിലെ 7 സുപ്രീം കോടതി ജഡ്ജിമാരുടെയും അറ്റോണി ജനറലിന്റെയും യു.എസ് വിസകൾ ട്രംപ് ഭരണകൂടം റദ്ദാക്കി. താരിഫ് ചർച്ചകൾക്കായി വാഷിങ്ടണിലുണ്ടായിരുന്ന ധനമന്ത്രി അടക്കമുള്ള ബ്രസീലിയൻ സംഘവുമായുള്ള കൂടിക്കാഴ്ച അമേരിക്കൻ ഉദ്യോഗസ്ഥർ റദ്ദാക്കി.
ഇതിലൊന്നും ബ്രസീൽ സുപ്രീംകോടതി പതറിയില്ല. കേസ് പരിഗണിക്കുന്ന സെപ്തംബർ 2ന് കോടതി അങ്കണം ആൾക്കൂട്ടത്താൽ നിറഞ്ഞു. കോടതി സെഷനുകളിൽ പങ്കെടുക്കാൻ 3,000-ത്തിലധികം ബ്രസീലുകാർ രജിസ്റ്റർ ചെയ്തു. വിധി പ്രഖ്യാപനം കോടതിയുടെ ഔദ്യോഗിക ടെലിവിഷൻ, റേഡിയോ, യൂട്യൂബ് ചാനലുകൾ എന്നിവയിൽ തത്സമയം സംപ്രേഷണം ചെയ്തു. വിചാരണ കാണാൻ കോടതിക്ക് പുറത്ത് വലിയ സ്‌ക്രീൻ സജ്ജീകരിച്ചിരുന്നു. ബോൾസോനാരോയുടെ എതിരാളികൾ സോഫകളിൽ ഇരുന്ന് പോപ്‌കോണുമായി വിചാരണ കാണുന്ന ഫോട്ടോകൾ പോസ്റ്റ് ചെയ്തു. സൂപ്പർഹിറ്റ് സീരിസിന്റെ അവസാന എപ്പിസോഡുകൾക്കായി കാത്തിരിക്കുന്ന ആവേശത്തോടെ ബ്രസീലുകാർ അവരുടെ മുൻ പ്രസിഡന്റിന്റെ വിചാരണ കാണാൻ തയ്യാറായി.
ബൊൽസൊനാരോയ്ക്കും സംഘത്തിനുമെതിരെ നിരവധി ഗുരുതര തെളിവുകൾ കോടതിയിൽ നിരത്തപ്പെട്ടു. ലുലയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയത് അതിലൊന്ന് മാത്രം. വിധി കേൾക്കാൻ ബ്രസീൽ ശ്വാസമടക്കിപ്പിടിച്ച് ചെവികൂർപ്പിച്ചു. ബ്രസീലിയൻ ചരിത്രത്തിൽ ആദ്യമായി ജനാധിപത്യ ഭരണത്തിനെതിരെ അട്ടിമറിക്ക് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട മുൻ പ്രസിഡന്റും നിരവധി ഉന്നത സൈനിക ഉദ്യോഗസ്ഥരും വിചാരണ നേരിട്ടു. നിയമനടപടിക്ക് വിധേയനാകാൻ വിമുഖത പ്രകടിപ്പിച്ച ബൊൽസൊനാരോയുടെ കണങ്കാലിൽ ടാഗ് ധരിപ്പിച്ച് വീട്ടുതടങ്കലിലാക്കി. വിചാരണയിൽ പങ്കെടുക്കേണ്ട എന്നായിരുന്നു ബൊൽസൊനാരോയുടെ തീരുമാനം. ഇതിനിടെയിൽ പല നാടകീയ നീക്കങ്ങളും കോടതി മുറിയിൽ അരങ്ങേറി.
ഒടുവിൽ ബൊൽസൊനാരോ കുറ്റക്കാരനെന്ന് സുപ്രീംകോടതി വിധിച്ചു. 27 വർഷത്തെ തടവുശിക്ഷയാണ് വിധി. ടെറിബിൾ എന്നായിരുന്നു കോടതി വിധിയോട് ട്രംപിന്റെ പ്രതികരണം. പുത്തൻ ഉപരോധങ്ങളുണ്ടാകുമെന്ന് ബ്രസീലിനുമേൽ വീണ്ടും അമേരിക്കൻ ഭീഷണികളുയർന്നു. സുപ്രീംകോടതി വിധിക്ക് പിന്നാലെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു. ചിലി പ്രസിഡന്റ് ഗബ്രിയേൽ ബോറിക് അടക്കമുള്ള പല രാഷ്ട്രീയ നേതാക്കളും വിധിയെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.
40 വർഷത്തിലധികം വർഷം നീണ്ട ബ്രലീലിലെ സൈനിക സ്വേച്ഛാധിപത്യം 1985ലാണ് അവസാനിച്ചത്. അതിന് മുമ്പ് 1979ൽ സൈനിക ഭരണകൂടം ഒരു പൊതുമാപ്പ് നിയമം പാസാക്കിയിരുന്നു. കൂടാതെ സൈനിക ഉദ്യോഗസ്ഥർ കുറ്റവാളികളാകുന്ന കൊലപാതകം അടക്കമുള്ള കാര്യങ്ങളിൽ അവരെ പ്രോസിക്യൂട്ട് ചെയ്തിട്ടുമില്ല. ഈ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്ന ബ്രസീലിൽ ഉന്നത സൈനിക ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുന്നത് ജനാധിപത്യ പ്രതീക്ഷകൾ വളർത്തുന്നുണ്ട്.