
തായ് പോ: ഹോങ്കോങിലെ തായ് പോയിൽ ബഹുനിലക്കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ അഗ്നിരക്ഷാ സേനാംഗം അടക്കം 36 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 279ഓളം പേരെ അഗ്നിബാധയിൽ കാണാതായതായാണ് റിപ്പോർട്ട്. നിരവധിപ്പേർ കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജില്ലയിൽ വാങ് ഫുക് കോർട് എന്ന ബഹുനില ഫ്ലാറ്റ് കെട്ടിടത്തിലാണ് വലിയ അഗ്നിബാധയുണ്ടായത്. ദുരന്ത നിവാരണ സേനകൾ ഊർജ്ജിതമായി തീയണക്കാൻ ശ്രമം നടത്തുന്നുണ്ട്. അടുത്തടുത്തായി നിൽക്കുന്ന ഇരട്ട ടവറുകൾക്കാണ് തീപിടിച്ചത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.51 ഓടെയാണ് തീപിടിച്ച വിവരം അഗ്നിരക്ഷാ സേനകൾക്ക് ലഭിച്ചത്. വാങ് ഫുക് കോർട് എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്ലാറ്റുകളുള്ള റെസിഡൻഷ്യൽ കെട്ടിടമാണ്. തീപിടിച്ച് കത്തുന്ന കെട്ടിടത്തിന് സമീപത്തെ മറ്റ് ബ്ലോക്കുകൾക്ക് പുറത്ത് മുളയുടെ തടി നിർമ്മാണ പ്രവർത്തികൾക്കായി ബന്ധിപ്പിച്ച് കെട്ടിയിരുന്നു.
രാത്രി വൈകിയിട്ടും തീ അണയുന്നതായുള്ള ഒരു വിധി സൂചനകളും ലഭിക്കാത്തതാണ് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നത്. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ സുരക്ഷാ സേന ഊർജ്ജിതമാക്കിയിട്ടുണ്ട്. അഗ്നിരക്ഷാ സേനാംഗങ്ങൾക്കും അഗ്നിബാധ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ സാരമായി പരിക്കേറ്റിട്ടുണ്ട്. ഹോങ്കോങ്ങിലെ തന്നെ ഏറ്റവുമധികം താമസക്കാരുള്ള കെട്ടിടങ്ങളിലൊന്നിലാണ് അഗ്നിബാധ പൊട്ടിപ്പുറപ്പെട്ടത്. 700ലേറെ അഗ്നി രക്ഷാ പ്രവർത്തകരാണ നിലവിൽ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളത്. 37 വയസുള്ള അഗ്നിരക്ഷാ സേനാംഗം ആണ് തീ നിയന്ത്രിക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത്. ലെവൽ 5ൽ ആണ് കെട്ടിടത്തിലുണ്ടായ അഗ്നി ബാധയെ ഉൾപ്പെടുത്തിയിട്ടുള്ളത്. ഹോങ്കോങ്ങിലെ അഗ്നിബാധ അളവുകളിൽ ഏറ്റവും ഉയർന്ന ലെവൽ കൂടിയാണ് ഇത്.
7 കെട്ടിടങ്ങളിൽ ആയിരുന്നു നേരത്തെ തീ പ്രകടമായിരുന്നത്. നിലവിൽ ഇത് നാലായി കുറഞ്ഞിട്ടുണ്ട്. വിവിധ ആശുപത്രികളിലായി 29 പേർ ചികിത്സയിൽ കഴിയുന്നതായാണ് അഗ്നിരക്ഷാ സേനാ അധികൃതർ വിശദമാക്കിയിട്ടുള്ളത്. അഗ്നിബാധയുണ്ടായ കെട്ടിടത്തിലെ താമസക്കാർക്കായി1400 വീടുകൾ സജ്ജമാക്കിയാതായാണ് ഹോങ്കോങ്ങ് ഭവന മന്ത്രി വിശദമാക്കിയത്. ഇതിൽ 280 വീടുകൾ തായ് പോയിൽ തന്നെയാണെന്നും മന്ത്രി വിശദമാക്കി. തായ് പോ ജില്ലിയിലെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി നൽകിയിട്ടുണ്ട്. 1983ൽ നിർമ്മിതമായ ബഹുനില കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. കെട്ടിടത്തിന് ചുറ്റും മുളകൾ കൊണ്ടുള്ള വേലിയുണ്ടായിരുന്നത് തീ വളരെ എളുപ്പത്തിൽ പടരുന്നതിന് കാരണമായെന്ന് വിലയിരുത്തുന്നുണ്ട്.2021ലെ സെൻസസ് അനുസരിച്ച് ഇവിടെ 4600 താമസക്കാരും 1984 വീടുകളുമാണ് ഉള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം