38 ആവശ്യങ്ങൾ, മുൻപിലുള്ളത് 48 മണിക്കൂർ; പാക് സർക്കാരിന് അന്ത്യശാസനവുമായി ജെഎഎസി, പിഒകെയിൽ നിർണായക നീക്കം

Published : Jul 09, 2026, 06:47 PM IST
pok protests

Synopsis

പാക് അധിനിവേശ കശ്മീരിലെ ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പാക് സർക്കാരിന് 48 മണിക്കൂർ അന്ത്യശാസനം നൽകി. 

പാക് സർക്കാരിന് അന്ത്യശാസനം നൽകി പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭകർ. തങ്ങൾ മുന്നോട്ടുവെച്ച 38 ഇന ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന്‍റെ അവസാനവും നിർണ്ണായകവുമായ ഘട്ടത്തിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെ എ എ സി). പാക് ഭരണകൂടത്തിന് 48 മണിക്കൂർ സമയപരിധിയാണ് നൽകിയിരിക്കുന്നത്.

ജൂലൈ 27-നാണ് ഈ മേഖലയിൽ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിക്കാനിരിക്കെ, മുസാഫറാബാദിലേക്ക് ബഹുജന പ്രതിഷേധ മാർച്ച് നടത്തുമെന്ന് ജെഎഎസി പ്രഖ്യാപിച്ചു കഴിഞ്ഞു. സമീപ കാലത്ത് ഈ മേഖല സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ ഏറ്റുമുട്ടലുകളിലൊന്നാകും ഇതെന്നാണ് വിലയിരുത്തൽ. പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാർത്ഥികൾക്കായി മാറ്റിവെച്ചിരിക്കുന്ന 12 നിയമസഭാ സീറ്റുകൾ നിർത്തലാക്കണമെന്ന് അടക്കമുള്ള ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. ഈ സീറ്റുകൾ വഴി പാക് ഭരണകൂടം പിഒകെയുടെ രാഷ്ട്രീയത്തിൽ അനാവശ്യമായി ഇടപെടുന്നുവെന്നാണ് അവാമി ആക്ഷൻ കമ്മിറ്റിയുടെ പ്രധാന ആക്ഷേപം. എന്നാൽ ഈ സീറ്റുകൾ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണെന്നും എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഇവ നിർത്തലാക്കാനാകില്ലെന്നും ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും പിഒകെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

സീറ്റ് വിവാദം മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇപ്പോഴത്തെ പ്രക്ഷോഭത്തിന് കാരണമാണ്. ഉയർന്ന പണപ്പെരുപ്പത്തിനിടയിൽ ആശ്വാസമേകാൻ ഗോതമ്പ് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്ക് സബ്‌സിഡി വർദ്ധിപ്പിക്കുക, വൈദ്യുതി നിരക്ക് കുറയ്ക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. സ്വന്തം പ്രദേശത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് തങ്ങൾ എന്തിന് ഉയർന്ന വില നൽകണമെന്നാണ് പ്രദേശവാസികളുടെ ചോദ്യം. രാഷ്ട്രീയമായ പാർശ്വവൽക്കരണവും സാമ്പത്തിക പ്രതിസന്ധിയും പ്രദേശത്തെ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

2023-ൽ രൂപീകൃതമായ ജെഎഎസി വളരെ പെട്ടെന്നാണ് പിഒകെയിലെ ഏറ്റവും സ്വാധീനമുള്ള പൗരാവകാശ സംഘടനയായി മാറിയത്. ഈ മേഖലയ്ക്ക് വലിയ രീതിയിലുള്ള സ്വയംഭരണാവകാശം ഉണ്ടെന്ന് പാകിസ്ഥാൻ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ അധികാരം ഇസ്ലാമാബാദിന്റെ നിയന്ത്രണത്തിലുള്ള കൗൺസിലിനാണ്. മാത്രമല്ല, പാകിസ്ഥാനിൽ ലയിക്കുന്നതിനെ എതിർക്കുന്ന ആർക്കും ഇവിടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും അനുവാദമില്ല.

പ്രകൃതിവിഭവങ്ങളാലും ജലസ്രോതസ്സുകളാലും സമ്പന്നമാണെങ്കിലും ഇതിന്റെ സാമ്പത്തിക നേട്ടങ്ങളെല്ലാം പാകിസ്ഥാനിലെ മറ്റ് പ്രധാന പ്രവിശ്യകളിലേക്കാണ് ഒഴുകുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരാണ് ഇവിടുത്തെ 57.1 ശതമാനം ജനങ്ങളും. ഇതിനിടെയാണ് മേഖലയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളായിരിക്കുന്നത്. നൂറിലധികം പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും 600-ലധികം പ്രവർത്തകർ അറസ്റ്റിലായതായും മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോടതിമുറിയില്‍ അറസ്റ്റിലായ യുഎസ് ജഡ്ജിന് പിഴ മാത്രം; ശിക്ഷ അഭയാര്‍ത്ഥിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടുത്തിയ വിവാദ കേസില്‍
'ഭീകരരുടെ ഒളിയിടങ്ങളിലാണ് സ്ഫോടനം നടന്നത്, പ്രകമ്പനം ലോകം മൂഴുവൻ എത്തി'; ഓസ്ട്രേലിയയിലെ ഭീമൻ പ്രവാസി സംഗമത്തിലും ഓപ്പറേഷൻ സിന്ദൂർ പരാമർശിച്ച് മോദി