മെക്‌സിക്കന്‍ അഭയാര്‍ത്ഥിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ മുന്‍ അമേരിക്കന്‍ ജഡ്ജിക്ക് ജയില്‍ശിക്ഷയില്ല. വിസ്‌കോണ്‍സിനിലെ മുന്‍ സര്‍ക്യൂട്ട് ജഡ്ജി ഹന്ന ഡുഗനാണ് തടവുശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്

വിസ്‌കോണ്‍സിന്‍: മെക്‌സിക്കന്‍ അഭയാര്‍ത്ഥിയെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ച കേസില്‍ മുന്‍ അമേരിക്കന്‍ ജഡ്ജിക്ക് ജയില്‍ശിക്ഷയില്ല. വിസ്‌കോണ്‍സിനിലെ മുന്‍ സര്‍ക്യൂട്ട് ജഡ്ജി ഹന്ന ഡുഗനാണ് തടവുശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ക്ക് 5,000 ഡോളര്‍ (ഏകദേശം 4.2 ലക്ഷം രൂപ) പിഴ ചുമത്തി ഫെഡറല്‍ കോടതി വിട്ടയച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ എഡ്വേര്‍ഡോ ഫ്‌ലോറസ് റൂയിസ് (31) എന്ന മെക്‌സിക്കന്‍ വംശജനെ അറസ്റ്റ് ചെയ്യാന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഹന്ന ഡുഗന്റെ കോടതി മുറിക്ക് പുറത്ത് കാത്തുനിന്നിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ പക്കലുള്ള വാറണ്ട് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് വാദിച്ച ഹന്ന, അവരെ ചീഫ് ജഡ്ജിയുടെ ഓഫീസിലേക്ക് തിരികെ അയച്ചു. ഈ സമയത്തിനുള്ളില്‍ പ്രതിയെയും അഭിഭാഷകനെയും കോടതിയിലെ രഹസ്യ വാതില്‍ വഴി പുറത്തു കടക്കാന്‍ അവര്‍ സഹായിച്ചു. എന്നാല്‍ കോടതിക്ക് പുറത്തുവെച്ച് ഉദ്യോഗസ്ഥര്‍ പ്രതിയെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്തു.

ഫെഡറല്‍ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് എഫ്ബിഐ ഹന്ന ഡുഗനെ കോടതിയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് സമ്മര്‍ദ്ദവും ഇംപീച്ച്മെന്റ് ഭീഷണിയും ഉയര്‍ന്നതോടെ ജനുവരിയില്‍ അവര്‍ ജഡ്ജി സ്ഥാനം രാജിവെച്ചു.

ഫെഡറല്‍ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് 15 മുതല്‍ 21 മാസം വരെ തടവുശിക്ഷ ലഭിക്കാമായിരുന്നിട്ടും ജഡ്ജി മാനുഷിക പരിഗണന നല്‍കി ജയില്‍ശിക്ഷ ഒഴിവാക്കുകയായിരുന്നു. നീതിന്യായ വ്യവസ്ഥയുടെ സുരക്ഷയ്ക്കും അച്ചടക്കത്തിനും വേണ്ടിയാണ് താന്‍ അന്ന് അങ്ങനെ ചെയ്തതെന്നും, താന്‍ ഒരു നിയമലംഘക അല്ലെന്നും ഹന്ന ഡുഗന്‍ കോടതിയില്‍ പറഞ്ഞു. വിധിക്ക് എതിരെ അപ്പീല്‍ നല്‍കാനാണ് ഹന്നയുടെ അഭിഭാഷകരുടെ തീരുമാനം.