
കെന്റക്കി: വിതരണം ചെയ്ത കുപ്പി വെള്ളത്തിൽ അജ്ഞാതമായ കറുത്ത വസ്തു. തിരികെ വിളിച്ചത് ഒന്നരലക്ഷം ലിറ്റർ കുപ്പി വെള്ളം. അമേരിക്കയിലെ കെന്റക്കിയിലാണ് സംഭവം. ശുദ്ധീകരിച്ച കുപ്പിവെള്ളത്തിലാണ് കറുത്ത നിറത്തിലുള്ള വസ്തു കാണപ്പെട്ടത്. ഇല്ലിനോയിസ്, ഇന്ത്യാന, കെന്റക്കി, ഓഹിയോ, മിഷിഗൺ, വിസ്കോൺസിൻ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് മലിനമായ കുപ്പി വെള്ളം വിതരണം ചെയ്തത്. മിഷിഗൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ നിർമ്മാതാക്കളായ മെയ്ജർ ഡിസ്റ്റിബ്യൂഷൻ ആണ് മലിനമായ കുടിവെള്ളം വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്. ലക്ഷക്കണക്കിന് കുപ്പിവെള്ളം തിരിച്ചുവിളിച്ച അധികൃതർ സാംപിളുകൾ പരിശോധനയ്ക്ക് അയയ്ക്കുമെന്നും വിശദമാക്കി. നിലവിൽ സംഭവിച്ച പിഴവിനേക്കുറിച്ച് കംപനി പ്രതികരിച്ചിട്ടില്ല. ഉത്പന്നങ്ങൾ തിരികെ വിളിക്കുന്നതിന് മൂന്ന് തലങ്ങളാണ് അമേരിക്കയിലുള്ളത്.
ക്ലാസ് 1അനുസരിച്ച് പിൻവലിച്ച ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളും അല്ലെങ്കിൽ മരണത്തിന് കാരണമാകാനുള്ള ന്യായമായ സാധ്യതയുള്ള ഒരു സാഹചര്യമുള്ളതായാണ് കണക്കാക്കുന്നത്. ക്ലാസ് 2വിൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് താൽക്കാലികമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ക്ലാസ് 3ൽ ഉൾപ്പെട്ട ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യ തകരാറുകൾ നേരിടാനുള്ള സാധ്യത കുറവാണ്. നിലവിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇത് ഏത് ക്ലാസ് ഇനത്തിലുള്ള തിരിച്ചുവിളിക്കൽ ആണെന്ന് വ്യക്തമാക്കിയിട്ടില്ല. കുപ്പികൾക്ക് പുറമേ കന്നാസുകളിലും മെയ്ജർ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ഒക്ടോബർ 4 മുതൽ വിതരണം ചെയ്ത കുപ്പി വെള്ളമാണ് തിരികെ വിളിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam