47 കോടിയുടെ അപൂര്‍വ്വ പെയിന്‍റിങ് കണ്ടെത്തിയത് വീട്ടിലെ അടുക്കളയില്‍ നിന്ന്!

By Web TeamFirst Published Sep 25, 2019, 5:17 PM IST
Highlights

47 കോടി രൂപ വിലയുള്ള അപൂര്‍വ്വ പെയിന്‍റിങ് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തി. 

കോംപെയ്ന്‍: 47 കോടി രൂപ വിലമതിക്കുന്ന അതിപുരാതന പെയിന്‍റിങ് വീട്ടിലെ അടുക്കളയില്‍ നിന്ന് കണ്ടെത്തി. വടക്കന്‍ പാരീസിന് സമീപമുള്ള കോംപെയ്നില്‍ നിന്നാണ് ക്രിസ്തുവിന്‍റെ പീഡാനുഭവം ചിത്രീകരിച്ച പ്രശസ്ത ചിത്രകാരന്‍ ചീമാബുവെയുടെ പെയിന്‍റിങ് കണ്ടെത്തിയത്. 

കുരിശിന്‍റെ വഴിയില്‍ യേശുക്രിസ്തുവിന് ചുറ്റും ആളുകള്‍ കൂടി നില്‍ക്കുന്നതായാണ് ചിത്രത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. ഫ്രാന്‍സിലെ കോംപെയ്നില്‍ ഒരു വീട്ടിലെ അടുക്കളയില്‍ തൂക്കിയിട്ട നിലയിലാണ് ചിത്രം കണ്ടെത്തിയത്. എന്നാല്‍ ചിത്രം സൂക്ഷിച്ച വീട്ടമ്മയ്ക്ക് ഇതിന്‍റെ പ്രാധാന്യം അറിയില്ല. ഗ്രീക്ക് മതവിശ്വാസത്തിന്‍റെ പ്രതീകമെന്ന് തെറ്റിദ്ധരിച്ച് വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പെയിന്‍റിങ്. ചിത്രം എവിടെ നിന്ന് ലഭിച്ചു എന്നതിനെ കുറിച്ചും വീട്ടമ്മയ്ക്ക് കാര്യമായ അറിവില്ല. ചീമാബുവെയുടെ സൃഷ്ടികളെക്കുറിച്ച് പഠനം നടത്തുന്ന ചിത്രകലാ വിദഗ്ധന്‍ ജെറോം മോണ്ടോകൊക്വിയാണ് ഈ വിവരം അറിയിച്ചത്. 

ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ 6.59 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 47 കോടി രൂപയാണ് ചിത്രത്തിന് ലഭിക്കുമെന്ന് കണക്കാക്കുന്നത്. ക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും വിവരിക്കുന്ന രംഗങ്ങളുടെ ഒരു ഭാഗമാണിത്. അടുക്കളയില്‍ വളരെക്കാലമായി തൂക്കിയിട്ടിരുന്നതാണെങ്കിലും ചിത്രത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് ഗവേഷകര്‍ അറിയിച്ചു. 

1240 -ല്‍ ഫ്ലോറന്‍സില്‍ ജനിച്ച ചീമാബുവെയുടെ യഥാര്‍ത്ഥ പേര് സെന്നി ഡി പെപോ എന്നാണ്. പ്രശസ്ത ചിത്രകാരന്‍ ജിയോട്ടോ ഡി ബൊന്തോനെയുടെ ഗുരുവാണ് ചീമാബുവെ. ഇദ്ദേഹത്തിന്‍റെ 11 അപൂര്‍വ്വ പെയിന്‍റിങുകള്‍ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 

click me!