രണ്ട് ദിവസം മുമ്പേ ഈ കപ്പലിന് അഭയം നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമേരിക്കയെ ഭയന്ന് ശ്രീലങ്ക അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന്, അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്നപ്പോഴാണ് യുഎസ് അതിനെ ആക്രമിച്ചത്.

ശ്രീലങ്കന്‍ തീരത്തിനടുത്ത് ടോര്‍പ്പിഡോ ആക്രമണത്തില്‍ അമേരിക്ക ഇറാന്‍ യുദ്ധക്കപ്പലിനെ തകര്‍ത്തത്, അതിനെ രക്ഷിക്കാനുള്ള ഇറാന്‍ സര്‍ക്കാറിന്റെ വിഫലമായ ശ്രമങ്ങള്‍ക്കിടെ. ശ്രീലങ്കയ്ക്കടുത്തായിരുന്ന കപ്പലാണ് തകര്‍ക്കപ്പെട്ടത്. അതിനു രണ്ട് ദിവസം മുമ്പേ ഈ കപ്പലിന് അഭയം നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമേരിക്കയെ ഭയന്ന് ശ്രീലങ്ക അതിന് കൂട്ടാക്കിയില്ല. തുടര്‍ന്ന്, അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ കുടുങ്ങിക്കിടന്നപ്പോഴാണ് യുഎസ് അതിനെ ആക്രമിച്ചത്. ഇതോടൊപ്പമുള്ള മറ്റ് രണ്ട് കപ്പലുകളില്‍ ഒന്നിന് പിന്നീട് ശ്രീലങ്ക താവളം നല്‍കി. ഒരു കപ്പലിന് ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യയും അഭയം നല്‍കി. അതാണ് ഇപ്പോള്‍ കൊച്ചിയിലുള്ളത്. ന്യൂയോര്‍ക്ക് ടൈംസാണ് കപ്പലിനെ രക്ഷിക്കാന്‍ ഇറാന്‍ ഭരണകൂടം നടത്തിയ തീവ്രശ്രമങ്ങള്‍ വിശദമായി റിപ്പോര്‍ട്ട് ചെയ്തത്.

ആ കപ്പലുകള്‍ എങ്ങനെ ഇന്ത്യയിലെത്തി?

വിശാഖപട്ടണത്തിന് സമീപം നടന്ന സമാധാനകാല നാവികാഭ്യാസത്തില്‍ പങ്കെടുക്കാനാണ് യുദ്ധത്തിന് ആഴ്ചകള്‍ക്കു മുമ്പ്, ഇറാനില്‍ നിന്നുള്ള മൂന്ന് കപ്പലുകള്‍ ഇന്ത്യയില്‍ എത്തിയത്. ഇറാന്റെ ഏറ്റവും വിലപ്പെട്ട യുദ്ധക്കപ്പലുകളില്‍ ഒന്നായ ദേന, പഴക്കം ചെന്ന സപ്ലൈ കപ്പലായ 'ബുഷെഹര്‍, യുദ്ധക്കപ്പലായ ലാവന്‍ എന്നിവയാണ് വിശാഖപട്ടണത്ത് വന്നത്. മൂന്ന് കപ്പലുകളിലും 200 വീതം നാവികരാണ് ഉണ്ടായിരുന്നത്.

എഴുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും നാവികരുമാണ് നാവികാഭ്യാസത്തില്‍ പങ്കാളികളായത്. 'സൗഹൃദം, സഹകരണം, കൂട്ടായ്മ' എന്ന പ്രമേയത്തില്‍ നടന്ന ഈ പരിപാടിയില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കപ്പലുകളും, അമേരിക്കയില്‍ നിന്നുള്ള ഒരു നിരീക്ഷണ വിമാനവും പങ്കെടുത്തിരുന്നു. ഇന്ത്യന്‍ നാവികസേന ആതിഥേയത്വം വഹിച്ച പത്തുദിവസം നീണ്ട ആഘോഷപരിപാടിക്കിടെ, ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫ്‌ലീറ്റ് റിവ്യൂ നടത്തിയപ്പോള്‍ തകര്‍ക്കപ്പെട്ട 'ദേന' എന്ന ഇറാന്‍ കപ്പലിലെ നാവികരും അണിനിരന്നിരുന്നു.

കപ്പലുകള്‍ ശ്രീലങ്കയ്ക്ക് അടുത്ത് എത്തിയതെപ്പോള്‍?

ഫെബ്രുവരി 25-ന് നാവികാഭ്യാസം അവസാനിച്ചു. കപ്പലുകള്‍ മടക്കയാത്ര തുടങ്ങി. 26-നാണ് ഇറാന്‍ ആക്രമണത്തിനായി അമേരിക്ക ഗള്‍ഫില്‍ യുദ്ധസന്നാഹം വര്‍ദ്ധിപ്പിച്ചത്. അപ്പോഴേക്കും കപ്പലുകള്‍ ഇന്ത്യ വിട്ട് പുറംകടലില്‍ എത്തിയിരുന്നു. അമേരിക്ക ആക്രമിച്ച ദേന കപ്പല്‍ ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ഇത് ശ്രീലങ്കയ്ക്ക് അടുത്ത് എത്താറായിരുന്നു. യു എസുമായുള്ള സംഘര്‍ഷ സാധ്യത വര്‍ദ്ധിച്ചതോടെ അപകടം മണത്ത ഇറാന്‍ അധികൃതര്‍ ശ്രീലങ്കയെ സമീപിച്ചു. നാവിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ മൂന്ന് കപ്പലുകള്‍ക്ക് നാല് ദിവസം ശ്രീലങ്ക സന്ദര്‍ശിക്കാന്‍ അവസരം നല്‍കണമെന്ന് ഇറാന്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടു.

വിശാഖപട്ടണത്ത് നാവികാഭ്യാസം നടക്കുന്നതിനിടെ ഒരു ശ്രീലങ്കന്‍ നാവികസേനാ കമാന്‍ഡര്‍ ഒരു മുതിര്‍ന്ന ഇറാന്‍ നാവികരെ ലങ്കയിലേക്ക് സൗഹൃദ സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. പെട്ടെന്ന് നാട്ടില്‍ എത്തണം എന്നതിനാല്‍ അവരത് നിരസിച്ചു. ഇത് സാധാരണമായ ഒരു സൗഹൃദ ക്ഷണം മാത്രമായിരുന്നു. എന്നാല്‍, അതിന്റെ തൊട്ടുപിന്നാലെ, ഇറാന് ശ്രീലങ്കയോട് ഇക്കാര്യം അഭ്യര്‍ത്ഥിക്കേണ്ടിവന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ എളുപ്പം തീരുമാനം എടുക്കാവുന്ന അവസ്ഥയിലായിരുന്നില്ല ലങ്ക. എങ്കിലും ശ്രീലങ്ക ഇതിനുള്ള ഔദ്യോഗിക രേഖകള്‍ തയ്യാറാക്കാന്‍ തുടങ്ങി. അപ്പോഴേക്കും വിശാഖപട്ടണത്ത് നിന്ന് 800 നോട്ടിക്കല്‍ മൈല്‍ അകലെ ശ്രീലങ്കയുടെ തെക്ക് ഭാഗത്തുള്ള പുരാതന തുറമുഖ നഗരമായ ഗാലെയുടെ അടുത്ത് എത്തിയിരുന്നു ദേന.

യുദ്ധമേഘങ്ങള്‍ക്കു താഴെ രണ്ടു കപ്പലുകള്‍

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ വ്യോമാക്രമണം ആരംഭിച്ചു. ഇതോടെ ശ്രീലങ്ക ആശയക്കുഴപ്പത്തിലായി. ആ കപ്പലുകളെ പ്രവേശിപ്പിച്ചാല്‍, യുദ്ധത്തില്‍ തങ്ങളും വലിച്ചിഴക്കപ്പെടുമോ എന്നവര്‍ ഭയന്നു. മറ്റു രാജ്യങ്ങള്‍ക്കെതിരെ താരിഫ് ഭീഷണി ഉയര്‍ത്തുന്ന ട്രംപിന്റെ നടപടി അവര്‍ ഭയന്നു. അതിനാല്‍ അവര്‍ അനുമതി നല്‍കിയില്ല. പുതിയ സാഹചര്യത്തില്‍ ഇറാന്‍ കപ്പലുകള്‍ അന്താരാഷ്ട്ര സമുദ്രപരിധിയില്‍ തുടര്‍ന്നാല്‍ അവ ആക്രമിക്കപ്പെടുമെന്ന ശ്രീലങ്കയ്ക്ക് അറിയാമായിരുന്നു. എങ്കിലും യുഎസുമായുള്ള പ്രശ്‌നം ഒഴിവാക്കാന്‍ ശ്രീലങ്ക തീരുമാനിച്ചു. യുദ്ധത്തില്‍ പക്ഷം പിടിക്കാതെ മാറിനില്‍ക്കണമെന്ന നിലപാട് മാറ്റേണ്ട എന്നായിരുന്നു ശ്രീലങ്കന്‍ തീരുമാനം.

അപ്പോഴേക്കും, അമേരിക്ക ദേന കപ്പലിനെ ആക്രമിച്ചിരുന്നു. അടിഭാഗത്ത് നിന്ന് കപ്പലിനെ തകര്‍ക്കാന്‍ ശേഷിയുള്ള മാര്‍ക്ക്-48 എന്ന അതിശക്തമായ ടോര്‍പ്പിഡോയാണ് പ്രയോഗിച്ചത്. കപ്പല്‍ തകര്‍ന്നു. മാര്‍ച്ച് 4-ന് പുലര്‍ച്ചെ 5:08-ന് ഗാലെ ദ്വീപില്‍നിന്നും 19 നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് ഇറാനിയന്‍ കപ്പലിലെ അപകടസന്ദേശങ്ങള്‍ ശ്രീലങ്കയ്ക്ക് ലഭിച്ചു. ശ്രീലങ്കന്‍ നാവികസേനയും വ്യോമസേനയും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചു. പിന്നീട് ഇന്ത്യയും സഹായമെത്തിച്ചു. കടലില്‍ പടര്‍ന്ന എണ്ണപ്പാളികള്‍ക്കിടയില്‍ നിരവധി മൃതദേഹങ്ങള്‍ അവര്‍ കണ്ടെത്തി. എന്നാല്‍ ആക്രമണം നടത്തിയ യുദ്ധക്കപ്പലിന്റെ അടയാളങ്ങളൊന്നും കണ്ടില്ലെന്ന് ശ്രീലങ്കന്‍ അധികൃതര്‍ പിന്നീട് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

ലങ്കയിലെത്തിയ ഇറാന്‍ നാവികര്‍

മരിച്ചവരെയും പരിക്കേറ്റവരെയും ഗാലെ ദ്വീപിലെ ആശുപത്രിയില്‍ എത്തിച്ചു. വൈകാതെ ആശുപത്രി പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞു. വൈകുന്നേരത്തോടെ മോര്‍ച്ചറിയില്‍ സ്ഥലമില്ലാതായി. ഫ്രീസര്‍ സൗകര്യമുള്ള വാഹനങ്ങള്‍ എത്താന്‍ വൈകിയതിനാല്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ച ബാഗുകള്‍, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന വിധം, അറക്കപ്പൊടിയും ഐസ് കട്ടകളും ചേര്‍ത്ത മിശ്രിതത്തില്‍ സൂക്ഷിക്കേണ്ടിവന്നു. രക്ഷപ്പെട്ട ഇറാനിയന്‍ നാവികരില്‍ ഭൂരിഭാഗവും യുവാക്കളായിരുന്നു. പലര്‍ക്കും എല്ലുകള്‍ പൊട്ടിയിരുന്നു. ചിലര്‍ക്ക് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റു. ചിലര്‍ക്ക് നട്ടെല്ലിന് ഒടിവുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ചുപോയ ശേഷം താഴെ വീണതാകാം ഇതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

കപ്പലില്‍ ഉണ്ടായിരുന്ന 20 പേരെ കാണാനുണ്ടായിരുന്നില്ല. ഇവര്‍ക്കു വേണ്ടി ശ്രീലങ്കന്‍ നാവിക സേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനാല്‍ പിന്നീട് തിരച്ചില്‍ അവസാനിപ്പിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന 84 മൃതദേഹങ്ങള്‍ ഇറാനിയന്‍ എംബസിക്ക് കൈമാറാന്‍ ഗാലെയിലെ ചീഫ് മജിസ്ട്രേറ്റ് ഉത്തരവിട്ടു.

അപകട മുനമ്പില്‍ രണ്ടാമത്തെ കപ്പല്‍

ഇറാന്റെ 'ബുഷെഹര്‍' എന്നുപേരുള്ള രണ്ടാമത്തെ കപ്പലും ശ്രീലങ്കയ്ക്ക് അടുത്തായിരുന്നു. ശ്രീലങ്ക അനുമതി നല്‍കാത്തതിനാല്‍ ഈ ചെറു കപ്പല്‍ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ അനുമതി കാത്തുനിന്നു. ഇരുന്നൂറിലധികം നാവികരുള്ള ഈ കപ്പല്‍ ഏതു നിമിഷവും ആക്രമിക്കപ്പെടുന്ന അവസ്ഥയിലായിരുന്നു. ഈ കപ്പലിനെങ്കിലും അഭയം നല്‍കണമെന്ന് ഇറാന്‍ ശ്രീലങ്കയോട് ആവശ്യപ്പെട്ടെങ്കിലും ശ്രീലങ്ക തീരുമാനമെടുത്തില്ല. ഇത് ഇറാനെ ചൊടിപ്പിച്ചു. ശ്രീലങ്കയുടെ നിസ്സംഗത ഒരു കപ്പലിനെക്കൂടി ആക്രമണത്തിന് വിട്ടുകൊടുക്കുന്ന അവസ്ഥ ഉണ്ടാക്കിയെന്നാണ് ഇറാന്റെ വിലയിരുത്തല്‍.

ഫെബ്രുവരി 27-ന്, ഈ കപ്പലിലെ പരിക്കേറ്റ ഒരു നാവികനെ ചികിത്സയ്ക്കായി ശ്രീലങ്ക കരയ്‌ക്കെത്തിച്ചു. അതിനിടെ, കപ്പലിന്റെ എന്‍ജിനുകളിലൊന്ന് തകരാറിലാണെന്ന് റിപ്പോര്‍ട്ട് വന്നു. തുടര്‍ന്ന്,

അന്താരാഷ്ട്ര സമുദ്രനിയമങ്ങള്‍ പ്രകാരം മാനുഷിക പരിഗണന നല്‍കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി വിശദമായ ചര്‍ച്ചകള്‍ നടത്തി. നിയമപ്രകാരമുള്ള മാനുഷിക പരിഗണന എന്ന നിലയില്‍ മാര്‍ച്ച് 5-ന് ശ്രീലങ്ക 'ബുഷെഹര്‍' കപ്പലിന് തങ്ങളുടെ രാജ്യത്ത് പ്രവേശിക്കാനുള്ള അനുമതി നല്‍കി. അന്ന് തന്നെ നാവികര്‍ കൊളംബോയില്‍ ഇറങ്ങി. കപ്പല്‍ ട്രിങ്കോമാലി തുറമുഖത്തേക്ക് മാറ്റി. ആ കപ്പല്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ തുടരുകയാണ്.

ദേന കപ്പലില്‍നിന്ന് നിന്ന് രക്ഷപ്പെടുത്തിയ 32 നാവികരെയും 'ബുഷെഹര്‍ കപ്പലില്‍നിന്നും കരയ്‌ക്കെത്തിച്ച 200 നാവികരെയും എന്തുചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. നിലവില്‍ ഇവര്‍ക്ക് 30 ദിവസത്തെ വിസ അനുവദിച്ചിട്ടുണ്ട്. ഇനി എന്തു ചെയ്യണം എന്നറിയാന്‍ ഇറാനുമായി ബന്ധപ്പെട്ടതായും മറുപടി കാത്തിരിക്കുകയാണെന്നും ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാനും അമേരിക്കയും പറയുന്നത്

ആക്രമണത്തിന് മുന്‍പ് ഇറാനിയന്‍ നാവികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നോ എന്ന കാര്യം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ തങ്ങള്‍ക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഇറാനും ശ്രീലങ്കയും പറഞ്ഞു. ദേന' കപ്പലില്‍ ആയുധങ്ങളില്ലായിരുന്നുവെന്നും പ്രതിരോധിക്കാന്‍ ആവാത്ത അവസ്ഥ ആയിരുന്നുവെന്നുമാണ് ഇറാന്റെ വാദം. എന്നാല്‍ ഇക്കാര്യം അമേരിക്കന്‍ ഇന്‍ഡോ-പസഫിക് കമാന്‍ഡ് തള്ളുന്നു.ദേന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ 'ക്രൂരത' എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. എന്നാല്‍, അന്താരാഷ്ട്ര സമുദ്രപരിധിയില്‍ ഇറാനിയന്‍ യുദ്ധക്കപ്പലിനെ തകര്‍ത്തത് അഭിമാനകരമായ നേട്ടമാണെന്നാണ് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്.

അഭയം നല്‍കി ഇന്ത്യ

ഇതേ സമയം തന്നെ, അഭയം തേടി ഇറാന്‍ ഇന്ത്യയെയും സമീപിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ ഇതിന് അനുമതി നല്‍കിയെങ്കിലും 'ലാവന്‍' എന്നുപേരുള്ള ഒരു കപ്പല്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്.

മുന്നിലുള്ള ചെറുതും വലുതുമായ രണ്ട് കപ്പലുകള്‍ ശ്രീലങ്കന്‍ അതിര്‍ത്തിക്കടുത്ത് എത്തിയതിനാലും മൂന്നാമത്തെ കപ്പല്‍ ഇന്ത്യയോട് ഏറ്റവും അടുത്തായിരുന്നതിനാലുമാകാം ഇതെന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വിശദീകരിക്കുന്നത്. കൊച്ചി തുറമുഖത്തുള്ളത് ഈ കപ്പലാണ്.