
ദില്ലി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ അഞ്ച് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ റിപ്പബ്ലിക്കൻ സഭാംഗങ്ങളോടൊപ്പം നടത്തിയ സ്വകാര്യ വിരുന്നിലായിരുന്നു ട്രംപിന്റെ പരാമർശം. അതേസമയം, ഏത് രാജ്യത്തിന്റെ വിമാനങ്ങളാണ് വെടിവച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. മെയ് 10 ന് പ്രഖ്യാപിച്ച വെടിനിർത്തൽ യുഎസ് നയതന്ത്ര ഇടപെടലിന്റെ ഫലമാണെന്നും ട്രംപ് ആവർത്തിച്ചു. നാലോ അഞ്ചോ ജെറ്റുകൾ വെടിവച്ചിട്ടതായി കരുതുന്നു. അഞ്ച് ജെറ്റുകളാണെന്നാണ് തന്റെ ബോധ്യമെന്നും ട്രംപ് പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന മാരകമായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയിരുന്നു. റഫാൽ ഉൾപ്പെടെയുള്ള ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന് പാകിസ്ഥാൻ നേരത്തെ അവകാശവാദമുന്നയിച്ചിരുന്നു. എന്നാൽ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും പാകിസ്ഥാൻ നൽകിയില്ല. ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വിമാനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ സമ്മതിച്ചിരുന്നു. എന്നാൽ ആറ് ഇന്ത്യൻ ജെറ്റുകൾ നശിപ്പിക്കപ്പെട്ടുവെന്ന പാകിസ്ഥാന്റെ വാദം അദ്ദേഹം തള്ളി.
ഒരു റാഫേൽ യുദ്ധവിമാനവും നഷ്ടപ്പെട്ടിട്ടില്ലെന്നും ഇന്ത്യൻ പൈലറ്റുമാരെ പാകിസ്ഥാൻ പിടികൂടുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ജൂൺ 15 ന്, റഫേലിന്റെ ഫ്രഞ്ച് നിർമ്മാതാക്കളായ ദാസോ ഏവിയേഷന്റെ ചെയർമാനും സിഇഒയുമായ എറിക് ട്രാപ്പിയർ പാകിസ്ഥാന്റെ അവകാശവാദങ്ങളെ തള്ളിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam