'പ്രാര്‍ത്ഥനകള്‍ ഫലിച്ചു'; മാളിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ കുട്ടി ജീവിതത്തിലേക്ക്

By Web TeamFirst Published Nov 24, 2019, 11:04 AM IST
Highlights
  • മാളിന്‍റെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ അഞ്ചുവയസ്സുകാരന്‍ വീണ്ടും സ്കൂളിലേക്ക്.
  • ജീസസ് തന്നെ സ്നേഹിക്കുന്നുണ്ടെന്നും മാലാഖമാര്‍ രക്ഷിച്ചെന്നുമാണ്  സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് കുട്ടി പ്രതികരിച്ചത്.

വാഷിങ്ടണ്‍: യുഎസിലെ 'മാള്‍ ഓഫ് അമേരിക്ക'യുടെ മൂന്നാം നിലയില്‍ നിന്നും താഴേക്ക് വലിച്ചെറിഞ്ഞ അഞ്ചുവയസ്സുകാരന്‍ ലാന്‍ഡന്‍ തിരികെ ജീവിതത്തിലേക്ക്. പരിക്കുകള്‍ ഭേദമായ കുട്ടി വീണ്ടും സ്കൂളില്‍ പോയി തുടങ്ങി. ഈ വര്‍ഷം ആദ്യമാണ് ലാന്‍ഡന്‍ മാളിന്‍റെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണത്. 

ഏപ്രില്‍ 12- നാണ് സംഭവം ഉണ്ടായത്. മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇമ്മാനുവല്‍ അരന്‍ഡ ലാന്‍ഡനെ കാണുകയും മൂന്നാം നിലയില്‍ നിന്ന് കുട്ടിയെ താഴേക്ക് എറിയുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലാന്‍ഡനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കൈകളും കാലും ഒടിഞ്ഞിരുന്നു. ഓഗസ്റ്റില്‍ ലാന്‍ഡന്‍ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് എത്തിയെങ്കിലും പരിക്കുകള്‍ പൂര്‍ണമായും ഭേദമായില്ലായിരുന്നു. കുടുംബ സുഹൃത്ത് തുടങ്ങിയ GoFundMe എന്ന പേജിലൂടെയാണ് അപകടശേഷം ലാന്‍ഡന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്. ലാന്‍ഡന്‍റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്.  

കുട്ടിയുടെ ചികിത്സയ്ക്കായി ഏകദേശം ഒരു മില്യണ്‍ ഡോളര്‍ പേജിലൂടെ സമാഹരിച്ചു. ചികിത്സയില്‍ പരിക്കുകള്‍ പൂര്‍ണമായും ഭേദമായ ലാന്‍ഡന്‍ വീണ്ടും സ്കൂളില്‍ പോകാന്‍ തുടങ്ങിയെന്നും പേജില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ജീസസ് തന്നെ സ്നേഹിക്കുന്നുണ്ടെന്നും മാലാഖമാര്‍ രക്ഷിച്ചെന്നുമാണ്  സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ച് ലാന്‍ഡന്‍ പ്രതികരിച്ചതെന്നും കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ലാന്‍ഡനെ മാളിന്‍റെ ബാല്‍ക്കണയില്‍ നിന്നും താഴേക്ക് എറിഞ്ഞ ഇമ്മാനുവല്‍ അരന്‍ഡയെ 19 മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു. അരന്‍ഡയ്ക്ക് ചെറുപ്പകാലം മുതല്‍ മാനസികാസ്വാസ്ഥ്യമുള്ളതായാണ് ഇയാളുടെ അമ്മയുടെ വെളിപ്പെടുത്തല്‍. 

click me!