
വിര്‍ജീനിയ: ക്ലാസ് റൂമിനുള്ളില്‍ വച്ച് അധ്യാപികയ്ക്ക് നേരെ വെടിയുതിര്‍ത്ത് അറുവയസുകാരന്‍. വിര്‍ജീനിയയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് വാക്ക് തര്‍ക്കത്തിന് പിന്നാലെ അധ്യാപികയ്ക്ക് നേരെ ഒന്നാം ക്ലാസുകാരന്‍ വെടിയുതിര്‍ത്തത്. റിച്ച്നെക്ക് എലിമെന്‍റ്റി സ്കൂളില്‍ വച്ചാണ് സംഭവമുണ്ടായി. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആര്‍ക്കു തന്നെ പരിക്കേറ്റിട്ടില്ല. എന്നാല്‍ മുപ്പതുകാരിയായ അധ്യാപികയ്ക്ക് ഗുരുതര പരിക്കാണ് സംഭവിച്ചിട്ടുള്ളത്. കൈത്തോക്കുമായി എത്തിയ വിദ്യാര്‍ത്ഥിയ പൊലീസ് സംരക്ഷണയിലാണ് നിലവിലുള്ളത്.
സ്കൂളില്‍ വെടിവയ്പ് നടന്നുവെന്ന പ്രാഥമിക റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് സ്കൂളിലെത്തിയ പൊലീസ് സംഘം വെടിയുതിര്‍ത്ത് ആറു വയസുകാരനെ കണ്ട് അമ്പരന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അബദ്ധത്തില്‍ വെടിയുതിര്‍ത്തതല്ലെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. ആറ് വയസുകാരന് എങ്ങനെ കൈത്തോക്ക് ലഭിച്ചുവെന്നതില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ രക്ഷിതാക്കളുമായി സ്കൂള്‍ അധികൃതരും പൊലീസും ബന്ധപ്പെട്ടിട്ടുണ്ട്. വെടിയൊച്ച കേട്ടതിന് പിന്നാലെ സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളെ സ്കൂളിലെ ജിമ്മിലേക്ക് മാറ്റിയിരുന്നു. ഇവരെയെല്ലാം തന്നെ രക്ഷിതാക്കള്‍ക്കൊപ്പം വീടുകളിലേക്ക് തിരികെ അയച്ചിട്ടുണ്ട്. കിന്‍റര്‍ ഗാര്‍ഡന്‍ വിഭാഗത്തില്‍ 550 വിദ്യാര്‍ത്ഥികളാണ് ഈ സ്കൂളില്‍ പഠിക്കുന്നത്. വിര്‍ജീനിയയിലെ നിയമം അനുസരിച്ച് ആറ് വയസ് പ്രായമുള്ളവരെ മുതിര്‍ന്നവരായി കണക്കിലെടുത്ത് വിചാരണ നടത്താന്‍ അനുമതിയില്ല.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്‍റെ പരിഗണനയില്‍ എത്താനുള്ള പ്രായം പോലും കുട്ടിക്ക് ഇല്ലെന്നതാണ് നിലവില്‍ പൊലീസിനെ വലയ്ക്കുന്ന കാര്യം. അടുത്ത കാലത്ത് സമാനമായ സംഭവം നടന്നിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. അമേരിക്കയിലെ വിവിധ സ്കൂളുകളില്‍ പല സമയങ്ങളിലായി വെടിവയ്പ് നടന്നിട്ടുണ്ടെങ്കിലും ഒരു ആറ് വയസുകാരന്‍ പ്രതിയാകുന്നത് ആദ്യമായാണ്. 1970 മുതല്‍ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്. 2000ല്‍ കളിത്തോക്കില്‍ നിന്ന് വെടിയേറ്റ ഒരു വിദ്യാര്‍ത്ഥി മിഷിഗണില്‍ കൊല്ലപ്പെട്ടിരുന്നു. കഴുത്തിലേക്ക് തൊട്ട് അടുത്ത് നിന്ന് തുളച്ചുകയറിയ വെടിയുണ്ടയായിരുന്നു മരണകാരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam