
വാഷിംങ്ടണ്‍: യുഎസ് സംസ്ഥാനമായ വിർജീനിയയിലെ സ്കൂൾ ക്ലാസ് മുറിയിൽ അധ്യാപികയെ വെടിവച്ച് ആറുവയസ്സുള്ള വിദ്യാര്‍ത്ഥി. അധ്യാപിക ഗുരുതരവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. റിച്ച്‌നെക്ക് എലിമെന്‍ററി സ്‌കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മറ്റ് വിദ്യാർത്ഥികൾക്ക് പരിക്കില്ല.
"ആറുവയസ്സുള്ള ഒരു വിദ്യാർത്ഥിയാണ് വെടിവച്ചത്. ഇത് ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമാണ് എന്നാണ് പ്രഥമിക നിഗമനം. വിദ്യാര്‍ത്ഥി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്". പ്രാദേശിക പോലീസ് മേധാവി സ്റ്റീവ് ഡ്രൂ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
30 വയസ്സുള്ള അധ്യാപികയ്ക്കാണ് വെടിയേറ്റത്. ഇവരുടെ പരിക്ക് മാരകമാണെന്നും. ഇപ്പോഴും അപകടവാസ്ഥയിലാണെന്നും പൊലീസ് പറയുന്നു. അതേ സമയം സംഭവം ഞെട്ടല്‍ ഉണ്ടാക്കുന്നതാണെന്നും, ഇത് തീര്‍ത്തും നിരാശജനകമാണെന്നും. വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് ലഭിക്കുന്നത് തടയാന്‍ സമൂഹം ശ്രദ്ധിക്കണമെന്ന് നഗരത്തിലെ സ്കൂളുകളുടെ സൂപ്രണ്ട് ജോർജ് പാർക്കർ പറഞ്ഞു.
കഴിഞ്ഞ മേയിൽ ടെക്‌സാസിലെ ഉവാൾഡെയിൽ 18 വയസ്സുള്ള ഒരു തോക്കുധാരി 19 കുട്ടികളും രണ്ട് അധ്യാപകരെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ഞെട്ടിപ്പിക്കുന്ന സംഭവം. ഗൺ വയലൻസ് ആർക്കൈവ് ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ വർഷം അമേരിക്കയില്‍ ബന്ധപ്പെട്ട 44,000 മരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. അതിൽ പകുതിയോളം കൊലപാതക കേസുകളും അപകടങ്ങളും സ്വയം പ്രതിരോധവുമാണ്. മറ്റൊരു പകുതി ആത്മഹത്യകളുമാണ്.