
സിഡ്നി: വിമാന യാത്രയ്ക്കിടെ ദേഹാസ്വസ്ഥ്യം നേരിട്ട 60 കാരിക്ക് ദാരുണാന്ത്യം. ദോഹയില്‍ നിന്ന് സിഡ്നിയിലേക്ക് പുറപ്പെട്ട ഖത്തര്‍ എയര്‍വേസ് വിമാനത്തിലെ യാത്രക്കാരിക്കാണ് യാത്രയ്ക്കിടെ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായി മരണത്തിന് കീഴടങ്ങിയത്. ക്യു ആര്‍ 908 വിമാനത്തിലെ യാത്രക്കാരി ആയിരുന്നു ഇവര്‍. വിമാനയാത്രയ്ക്കിടെ പ്രതികരണമില്ലാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് യാത്രക്കാരി മരിച്ചെന്ന് കണ്ടെത്തിയത്.
സിപിആര്‍ അടക്കമുള്ളവ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയാതെ വരികയായിരുന്നു. യാത്രക്കാരിയുടെ കുടുംബത്തിന്റെ നഷ്ടത്തില്‍ അനുശോചിക്കുന്നുവെന്ന് ഖത്തര്‍ എയര്‍വേസ് പ്രതികരിച്ചു. 14 മണിക്കൂര്‍ ദൌര്‍ഘ്യമുള്ള യാത്രയ്ക്കിടെയാണ് ദാരുണ സംഭവം. വെള്ളിയാഴ്ച വൈകുന്നേരം നാലേ മുക്കാലോടെയാണ് വിമാനം സിഡ്നിയില്‍ എത്തിയത്. യാത്രക്കാരിയുടെ പേരും മറ്റ് വിവരങ്ങളും പുറത്ത് വന്നിട്ടില്ല.
ജൂണ്‍ മാസത്തില്‍ വിമാന യാത്രയ്ക്കിടെ 11 വയസുകാരന്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അടിയന്തിര ലാന്റിങ് നടത്തിയിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നിരുന്നു. ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള തുര്‍ക്കിഷ് എയര്‍ലൈനിന്റെ ടി കെ 003 വിമാനത്തിലാണ് 11 വയസുകാരന്‍ കുഴഞ്ഞുവീണത്. തുടര്‍ന്ന് തൊട്ടടുത്തുള്ള വിമാനത്താവളമായ ഹംഗറിയിലെ ബുഡൈപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം തിരിച്ചുവിട്ടു. പ്രാദേശിക സമയം രാവിലെ 8.56ന് തുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം രാവിലെ 10.30ഓടെ ബുഡാപെസ്റ്റ് വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്റിങ് നടത്തിയത്.
വിമാനത്തില്‍ നിന്ന് മുന്‍കൂട്ടി വിവരം അറിയിച്ചിരുന്നതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് അടക്കമുള്ള സന്നാഹങ്ങള്‍ വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എല്ലാ അടിയന്തിര പരിചരണവും ലഭ്യമാക്കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് വിമാനത്താവള വക്താവ് സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam