
ബെയ്ജിംഗ്: ചൈനയിൽ ഒരു മാസത്തിനുള്ളിൽ 60,000 കൊവിഡ് മരണങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്. ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. 2022 ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം.
കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.
കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്കരിച്ചിരുന്നു, വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽ പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ രീതിയെ ലോകാരോഗ്യ സംഘടന വിമർശിച്ചു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു.കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80.3 വയസ്സായിരുന്നു. മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ 60 വയസ്സിനു മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam