
അകാലത്തില്‍ മരിച്ച യുവാവിന്‍റെ വീട് വൃത്തിയാക്കാനായി എത്തിയ സഹോദരന്‍ അമ്പരന്നു. വിരമിക്കുന്ന കാലത്ത് വിറ്റ് പണമാക്കാന്‍ വേണ്ടി യുവാവ് പൂഴ്ത്തി വച്ചത് 34 കോടി രൂപയോളം വില മതിക്കുന്ന വസ്തുക്കള്‍. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അപൂര്‍വ്വ വസ്തുക്കളുടെ വലിയ ശേഖരമാണ് ലണ്ടന്‍ സ്വദേശിയായ നാല്‍പത്തിനാലുകാരന്‍റെ പക്കലുണ്ടായിരുന്നത്. വീടിന്‍റെ ടെറസിലും വാടകയ്ക്ക് എടുത്ത ഫ്ലാറ്റിലും ഗാരേജിലും ചക്രങ്ങള്‍ ഘടിപ്പിച്ച വലിയ ബിന്നുകളിലുമായി ശേഖരിച്ച് വസ്തുക്കള്‍ ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് യുവാവിന്‍റെ സഹോദരന്‍ ഓരു ഏജന്‍സിയുമായി ബന്ധപ്പെടുന്നത്.
വീട്ടില്‍ സാധനം നിറഞ്ഞ അവസ്ഥയിലായതോടെ കിടക്കയില്‍ തന്നെയായിരുന്നു യുവാവ് അടുക്കള ആക്കി മാറ്റിയതെന്നാണ് സാധനങ്ങള്‍ ശേഖരിക്കാനെത്തിയവര്‍ പറയുന്നത്. പാഴ്വസ്തുക്കളാവുമെന്ന കണക്കുകൂട്ടലിലാണ് മുറിയില്‍ ശേഖരിച്ച വസ്തുക്കള്‍ പരിശോധിച്ചത്. അപ്പോഴാണ് 2002 മുതല്‍ യുവാവ് കൂട്ടിവച്ച സാധനങ്ങള്‍ കണ്ട് ബന്ധുക്കള്‍ അമ്പരന്നത്. അപൂര്‍വ്വയിനം വജ്രമോതിരം മുതല്‍ പുസ്തക ശേഖരം വരെയാണ് കണ്ടെത്തിയിരിക്കുന്നത്. ഏറിയ പങ്കും സാധനങ്ങള്‍ കവറുകള്‍ പോലും പൊട്ടിക്കാത്ത നിലയിലാണ് ഉള്ളത്. അറുപതിനായിരം ഇനം സാധനങ്ങളാണ് യുവാവ് ശേഖരിച്ച് വച്ചത്.
എട്ട് ആളുകള്‍ ചേര്‍ന്ന് ആറ് ആഴ്ചകളിലായി 180 മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് സാധനങ്ങള്‍ വീട്ടില്‍ നിന്ന് ഒഴിവാക്കാനായത്. വീട് കാലിയാക്കാനെത്തിയ ജോലിക്കാര്‍ക്ക് വീട്ടിനകത്തേക്ക് കയറാന്‍ പോലും സാധിക്കാത്ത നിലയിലായിരുന്നു യുവാവ് സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത്. നാല് ആഴ്ചയോളം സമയം ഈ പൊതികള്‍ അഴിച്ച് അവ എന്താണെന്ന് കണ്ടെത്താനായിരുന്നുവെന്ന് ജോലിക്കാര്‍ പറയുന്നത്. ആഴ്ചയില്‍ ഒരു തവണയെങ്കിലും യുവാവിന്‍റെ വീട്ടിലേക്ക് പാഴ്സല്‍ വാഹനം എത്തിയരുന്നതായാണ് അയല്‍ക്കാര് പറയുന്നത്. കംപ്യൂട്ടര്‍ പ്രോഗ്രാമറായി ജോലി ചെയ്തിരുന്ന യുവാവിന് ഇത്രയും സാധനങ്ങള് വാങ്ങാനുള്ള പണം എവിടെ നിന്നാണെന്നത് ഇനിയും അവ്യക്തമായി തുടരുകയാണ്. ബ്രിട്ടനിലെ ഏറ്റവും വലിയ പൂഴ്ത്തി വയ്പായാണ് ഇതിനെ പുരാവസ്തു വിദഗ്ധര്‍ പറയുന്നത്. സാധനങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതായതോടെ രണ്ട് ഗാരേജുകളും യുവാവ് വാടകയ്ക്ക് എടുത്തിരുന്നു.
ബ്രൂസ്ലിയുടെ ഓര്‍മ്മയ്ക്കായുള്ള വസ്തുക്കള്‍ ഒന്‍പത് ഷെല്‍ഫുകളിലായാണ് സൂക്ഷിച്ചിരുന്നത്. പഴയകാല കോമിക് പുസ്തകങ്ങളും പോസ്റ്ററുകളും ഈ ശേഖരത്തില്‍ ഉള്‍പ്പെടും. ജെയിംസ് ബോണ്ട് ചിത്രങ്ങളും കാസറ്റുകളും പടങ്ങളും, പല കാലഘട്ടങ്ങളിലെ റേഡിയോ ഉപകരണങ്ങള്‍, ഗെയിമുകള്‍, ജിഗ്സോ പസിലുകള്‍, സംഗീത ഉപകരണങ്ങള്‍ എന്നിവ തുടങ്ങി ആഭരണങ്ങള്‍ വരെയുണ്ട് ഈ ശേഖരത്തില്‍. ജോണ്‍ എഫ് കെന്നഡി, വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, ഗാന്ധി, എല്‍വ് പ്രീസ്ലി എന്നിവരുടെ ഒപ്പുകളും ഇക്കൂട്ടത്തിലുണ്ട്. ഇവയില്‍ ഏറിയ പങ്കും സാധനങ്ങളും ഒന്ന് തുറന്ന് നോക്കുക പോലും ചെയ്യാത്ത അവസ്ഥയിലാണുള്ളത്. ഇവയെല്ലാം തരം തിരിച്ച് ലേലത്തിന് വച്ചിരിക്കുകയാണ് യുവാവിന്‍റെ ബന്ധുക്കള്‍. ഒക്ടോബര്‍ 22-25 വരെ ലേലം നടക്കുമെന്നാണ് യുവാവിന്‍റെ ബന്ധുക്കള്‍ വിശദമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam